
ഏഷ്യാനെറ്റ് ന്യൂസിലെ മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിനു വി ജോണിനെതിരെ വിമര്‍ശനവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഏഷ്യാനെറ്റ് ന്യൂസ് ഇന്നലെ നടത്തിയ ന്യൂസ് അവര്‍ ചര്‍ച്ചയെ കുറിച്ചാണ് കെ. സുരേന്ദ്രന്റെ ഫേസ്ബുക്ക് പോസ്റ്റ്. നിയമസഭയിലെ അടിയന്തര പ്രമേയ ചർച്ചകളും ആർഎസ്എസ് ബന്ധമെന്ന പേരിൽ നിയമസഭയിൽ നടന്ന ആരോപണ പ്രത്യാരോപണങ്ങളുമായിരുന്നു ന്യൂസ് അവറിലെ ചർച്ച.
ഇതിനിടെ മഞ്ചേശ്വരം കോഴക്കേസിൽ ഏഷ്യാനെറ്റും ഗൂഢാലോചനയിൽ ഭാഗമായിരുന്നുവെന്ന കെ സുരേന്ദ്രന്റെ ആരോപണവും പരാമർശിച്ചിരുന്നു. ഇതിന്റെ മറുപടിയായിട്ടാണ് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയത്. ന്യൂസ് അവറിന്റെ സോഷ്യൽ മീഡിയ കാർഡ് പങ്കുവെച്ചുകൊണ്ടായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം. സംഘിബന്ധം സത്യമോ എന്നാണ് സോഷ്യൽ മീഡിയ കാർഡിലുള്ളത്. ഏഷ്യാനെറ്റ് ന്യൂസ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഡിറ്റർ വിനു വി ജോൺ ആയിരുന്നു ചർച്ചയുടെ അവതാരകൻ.
മിസ്റ്റർ വിനു വി ജോൺ, താങ്കൾ അന്തസ്സുള്ള ഒരു മാദ്ധ്യമപ്രവർത്തകനായിരുന്നെങ്കിൽ ഇന്നത്തെ പെയ്ഡ് അന്തിച്ചർച്ചയിൽ പേരിനെങ്കിലും ഒരു ബിജെപി വക്താവിനെ വിളിക്കണമായിരുന്നു. അതും ബിജെപി സംസ്ഥാന പ്രസിഡന്റിനെതിരെയുള്ള ഒരു കേസ് ചർച്ച ചെയ്യുമ്പോൾ എന്ന് പറഞ്ഞുകൊണ്ടാണ് കെ സുരേന്ദ്രന്റെ ഫേസ്ബുക് പോസ്റ്റ് ആരംഭിക്കുന്നത്. വിനു വി ജോണിന്റേത് പിതൃശൂന്യ മാധ്യമ പ്രവര്‍ത്തനമാണെന്നാണ് കെ. സുരേന്ദ്രന്‍ പറയുന്നത്.
സംഘി എന്നൊക്കെ പറയുന്ന താങ്കൾക്ക് ഏതെങ്കിലും ഘട്ടത്തിൽ സുഡാപ്പി, കമ്മി, കൊങ്ങി എന്നൊക്കെ മറ്റുള്ളവരെക്കുറിച്ച് ഇങ്ങനെ അടിച്ചിറക്കാനുള്ള ധൈര്യം ഏതെങ്കിലും കാലത്തുണ്ടാവുമോയെന്നും കെ. സുരേന്ദ്രൻ ചോദിക്കുന്നു. ഇന്ന് നടന്നത് പെയ്ഡ് ചര്‍ച്ചയാണെന്നും ചര്‍ച്ചയില്‍ പങ്കെടുത്ത ശ്രീജിത്ത് പണിക്കരടക്കം നാല് പേരും കോണ്‍ഗ്രസുകാരാണെന്നും സുരേന്ദ്രന്‍ കുറ്റപ്പെടുത്തുന്നു. ഇത് സംബന്ധിച്ച് ജനങ്ങളോട് പറയാനുള്ള നാളെ പറയുമെന്നും കെ. സുരേന്ദ്രന്‍ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ പറയുന്നു.
കോൺഗ്രസ് എംഎൽഎ ഡോ. മാത്യു കുഴൽനാടൻ, മുൻ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ അഡ്വ. ടി ആസഫലി, രാഷ്‌ട്രീയ നിരീക്ഷകനായ ശ്രീജിത്ത് പണിക്കർ എന്നിവരായിരുന്നു ചർച്ചയിൽ പാനലിസ്റ്റുകളായി പങ്കെടുത്തത്. നിയമസഭയ്‌ക്ക് അകത്ത് നടക്കുന്ന ചർച്ചകളിൽ പുറത്തിരിക്കുന്ന ബിജെപി സംസ്ഥാന നേതൃത്വം ഉത്തരമില്ലാതെ വലയുന്നുവെന്ന് അടക്കമുളള പരാമർശങ്ങൾ അവതാരകൻ നടത്തിയിരുന്നു.
മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രൻ അടക്കം ആറ് ബിജെപി നേതാക്കളെയും കാസർകോഡ് ജില്ലാ സെഷൻസ് കോടതി കഴിഞ്ഞ ദിവസം കുറ്റവിമുക്തരാക്കിയിരുന്നു. ഇതിന് പിന്നാലെ കെ സുരേന്ദ്രൻ കുറ്റക്കാരനാണെന്ന തരത്തിൽ ചിത്രീകരിച്ച് ഏഷ്യാനെറ്റ് ന്യൂസ് പ്രത്യേക പരിപാടിയും സംപ്രേഷണം ചെയ്തു. ഇതിനെതിരെ രാവിലെ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ കെ സുരേന്ദ്രൻ പരസ്യമായി പ്രതികരിച്ചിരുന്നു.
മഞ്ചേശ്വരം കോഴക്കേസ് ഏഷ്യാനെറ്റിലെ സുഡാപ്പി മാദ്ധ്യമപ്രവർത്തകനായ ഒരാൾ കർണാടകത്തിലെ ഉൾവനത്തിൽ സുന്ദരയെ കൂട്ടിക്കൊണ്ടുപോയി ഫ്രെയിം ചെയ്തതാണെന്ന് ആയിരുന്നു കെ സുരേന്ദ്രൻ വാർത്താസമ്മേളനത്തിൽ ചൂണ്ടിക്കാട്ടിയത്. ആസൂത്രിതമായ ഗൂഢാലോചന അതിന് പിന്നിൽ നടന്നുവെന്നും ബിജെപി അദ്ധ്യക്ഷൻ ആരോപിച്ചു. സിപിഎമ്മിലെ ഒരു വിഭാഗവും എതിർ സ്ഥാനാർത്ഥിയായിരുന്ന വിവി രമേശും ഏഷ്യാനെറ്റ് ന്യൂസും ചേർന്നാണ് ഗൂഢാലോചന നടത്തിയത്. എന്നെ കുറ്റവിമുക്തനാക്കിയതിൽ അവർക്ക് നല്ല ബുദ്ധിമുട്ടുണ്ട്. കോടതി വിധിക്ക് പിന്നാലെ അര മണിക്കൂർ വാർത്ത കൊടുത്തിരുന്നു.
ഞങ്ങൾ പോരാടിയാണ് വിജയിച്ചതെന്നും ഒരു മാദ്ധ്യമ നൈതികതയും സാമാന്യനീതിയും ഇക്കാര്യത്തിൽ കാട്ടണമെന്നുമായിരുന്നു കെ സുരേന്ദ്രന്റെ വാക്കുകൾ. ഒരു വ്യക്തിയെ അപകീർത്തിപ്പെടുത്തുന്നതിന് വേണ്ടി ആസൂത്രിതമായ ഗൂഢാലോചനയാണ് നടന്നത്. ആസൂത്രിതമായ ഗൂഢാലോചനയ്‌ക്ക് ഏഷ്യാനെറ്റിനെപ്പോലുളള ഉത്തരവാദിത്വപ്പെട്ട മാദ്ധ്യമം കൂട്ടുനിന്നുവെന്നത് നിർഭാഗ്യകരമായിപ്പോയെന്നും രാഷ്‌ട്രീയമാകാം പക്ഷെ നീചമായി വ്യക്തിഹത്യ ചെയ്യുന്നത് ശരിയായ നടപടിയല്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞിരുന്നു.