
ലൈംഗികാരോപണം ഉയരുന്ന സിപിഎം എംഎല്‍എ മുകേഷിനെ ചേർത്ത് നിർത്തിയും ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകരെ കൈയേറ്റം ചെയ്തും ക്ഷുഭിതനായും കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി.
ഇന്ന് തൃശൂരില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ സുരേഷ് ഗോപി ആദ്യം അമ്മ സംഘടനയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ അവരോട് ചോദിക്കണമെന്നും മുകേഷ് രാജിവെക്കേണ്ട കാര്യമില്ലെന്നുമാണ് പ്രതികരിച്ചത്. കോടതി പറഞ്ഞാല്‍ മാത്രം മുകേഷ് രാജിവെച്ചാല്‍ മതിയെന്നായിരുന്നു ബിജെപിയുടെ കേന്ദ്ര മന്ത്രി പറഞ്ഞത്.
എന്നാല്‍ ഇതിനെതിരെ രംഗത്തുവന്ന ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, മുകേഷ് രാജിവെക്കണം എന്ന് ആവർത്തിച്ചു. പാർട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും പക്ഷേ, സുരേഷ് ഗോപിക്ക് നടനെനന നിലയില്‍ സ്വന്തം അഭിപ്രായം പറയാമെന്നും സുരേന്ദ്രൻ മാധ്യമങ്ങളോട് പറഞ്ഞു.
ഇതേക്കുറിച്ച് പ്രതികരണം ചോദിക്കാൻ തൃശൂർ രാമനിലയത്തില്‍ സുരേഷ് ഗോപിയുടെ മുന്നിലേക്കെത്തിയ മാധ്യമപ്രവർത്തകരോടാണ് സുരേഷ് ഗോപിയുടെ സിനിമാ സ്റ്റൈല്‍ പ്രകടനം. മാധ്യമപ്രവർത്തകരെ പിടിച്ചുമാറ്റിയ ഗോപി, എന്റെ വഴി എന്റെ അവകാശമെന്ന് പറഞ്ഞ് വാഹനത്തില്‍ കയറി പോകുകയായിരുന്നു. ജനങ്ങളോട് താങ്കള്‍ക്ക് ഒന്നും പറയാനില്ലേ എന്ന ചോദ്യത്തിന് മറുപടി പറയാതെയായിരുന്നു സുരേഷ് ഗോപിയുടെ യാത്ര.