CinemaNews

കഞ്ചാവുമായി പിടിയിലായ സംവിധായകർക്ക് സസ്പെൻഷൻ; സമീർ താഹിറിനെയും ചോദ്യം ചെയ്യും

കൊച്ചി: ഹൈബ്രിഡ് കഞ്ചാവുമായി പിടിയിലായ സംവിധായകരായ ഖാലിദ് റഹ്മാനെയും അഷ്റഫ് ഹംസയെയും ഫെഫ്ക ഡയറക്ടേഴ്സ് യൂണിയനിൽ നിന്ന് സസ്പെൻഡ് ചെയ്തു. ലഹരി കേസിൽ അറസ്റ്റിലായതിന് പിന്നാലെ നടപടി സ്വീകരിക്കുമെന്ന് ഫെഫ്ക നേരത്തെ അറിയിച്ചിരുന്നു.

ഇരുവരെയും പുലർച്ചെയോടെ ഛായാഗ്രാഹകൻ സമീർ താഹിറിൻ്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് എക്സൈസ് പിടികൂടിയത്. ഇവരുടെ സുഹൃത്തായ ഷാലിഫ് മുഹമ്മദും അറസ്റ്റിലായിട്ടുണ്ട്. അറസ്റ്റിന് ശേഷം മൂവരെയും ജാമ്യത്തിൽ വിട്ടയച്ചു.

അതേസമയം, കേസിൽ സമീർ താഹിറിനെയും ചോദ്യം ചെയ്യുമെന്നും ആവശ്യമെങ്കിൽ പ്രതി ചേർക്കുമെന്നും എക്സൈസ് അറിയിച്ചു. ലഹരി ഉപയോഗിക്കാൻ സ്ഥലസൗകര്യം ഒരുക്കിക്കൊടുക്കുന്നതും കുറ്റകരമാണെന്ന് ഡെപ്യൂട്ടി കമ്മീഷണർ ടി.എം. മജു വ്യക്തമാക്കി.

സംവിധായകർക്ക് കഞ്ചാവ് എത്തിച്ചു നൽകിയത് ഷാലിഫാണെന്ന് എക്സൈസ് കണ്ടെത്തിയിട്ടുണ്ട്. ഷാലിഫിൽ നിന്ന് കേസിനെക്കുറിച്ച് നിർണായക വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും അധികൃതർ സൂചിപ്പിച്ചു. ലഹരി ഉപയോഗം പുതിയ ട്രെൻഡിലേക്ക് മാറുന്നുവെന്നാണ് എക്സൈസിൻ്റെ നിഗമനം. സിന്തറ്റിക് ലഹരിയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവിലേക്കാണ് ഈ മാറ്റമെന്നും എക്സൈസ് പറയുന്നു.

അറസ്റ്റിലായ ഖാലിദ് റഹ്മാൻ ‘ആലപ്പുഴ ജിംഖാന’, ‘തല്ലുമാല’ തുടങ്ങിയ സിനിമകളുടെ സംവിധായകനാണ്. അഷ്റഫ് ഹംസ ‘തമാശ’, ‘ഭീമൻ്റെ വഴി’ എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തിട്ടുണ്ട്. പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരാണെന്ന രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് എക്സൈസ് ഇൻസ്പെക്ടർ മനോരമ ന്യൂസിനോട് പറഞ്ഞു. സിനിമ ചർച്ചകൾക്കായി ഫ്ലാറ്റിലെത്തിയപ്പോഴായിരുന്നു ഇവരുടെ ലഹരി ഉപയോഗമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.