Malayalam Media LIve

മമ്മൂട്ടിയും മലയാള സിനിമയും എന്തൊക്കെയാണ് ചെയ്യുന്നത്’! ‘ഭ്രമയുഗ’വും ‘മഞ്ഞുമ്മലും’ കണ്ട അനുരാഗ് കശ്യപ്

മലയാള സിനിമയ്ക്ക് ഇതരഭാഷാ പ്രേക്ഷകരിൽ നിന്ന് അടുത്ത കാലത്ത് മികച്ച പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒടിടിയുടെ ജനകീയതയ്ക്ക് ശേഷമാണ് അത് വർധിച്ചത്. ഇപ്പോഴിതാ മലയാളത്തിലെ ഏറ്റവും പുതിയ ചിത്രങ്ങളെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് പ്രശസ്ത ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപ്. മഞ്ഞുമ്മൽ ബോയ്സും ഭ്രമയുഗവും താൻ കണ്ടെന്നും മലയാളി സംവിധായകരോട് തനിക്ക് അസൂയ തോന്നുന്നെന്നും അദ്ദേഹം കുറിച്ചു. സോഷ്യൽ നെറ്റ്‍വർക്കിംഗ് സർവ്വീസ് ആയ ലെറ്റർബോക്സ്ഡിലൂടെയാണ് അനുരാഗിൻറെ പ്രതികരണം.
മഞ്ഞുമ്മൽ ബോയ്‍സിനെക്കുറിച്ച് അനുരാഗ് കശ്യപ് പറയുന്നത് ഇങ്ങനെ

“മുഖ്യധാരാ സിനിമയിൽ നിന്നുള്ള, അങ്ങേയറ്റം ആത്മവിശ്വാസമുള്ള ഗംഭീര ഫിലിം മേക്കിംഗ്. ഇന്ത്യയിൽ ബിഗ് ബജറ്റിലുള്ള മറ്റെല്ലാ ചലച്ചിത്ര നിർമ്മാണത്തേക്കാളും ഏറെ മികച്ചത്. അത്രയും ആത്മവിശ്വാസം, അസാധ്യമെന്ന് തോന്നുന്ന കഥപറച്ചിൽ. ഒരു നിർമ്മാതാവിന് മുന്നിൽ ഒരാൾ ഈ കഥ എങ്ങനെ അവതരിപ്പിച്ച് സമ്മതം നേടും എന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ ത്തന്നെ എനിക്ക് അതിശയം തോന്നുന്നു. ഹിന്ദി സിനിമയെ സംബന്ധിച്ച് അത്തരം ആശയങ്ങൾ റീമേക്ക് ചെയ്യാനേ കഴിയൂ. മലയാളത്തിൽ അടുത്തിടെ ഇറങ്ങിയ മൂന്ന് ഗംഭീര സിനിമകൾ നോക്കുമ്പോൾ ഹിന്ദി സിനിമ ഒരുപാട് പിന്നിലാണെന്ന് കാണാം”, അനുരാഗ് കുറിക്കുന്നു.

ഭ്രമയുഗം കണ്ടതിന് ശേഷമുള്ള അനുരാഗിൻറെ പ്രതികരണം ഇങ്ങനെ-

“മലയാളത്തിലെ സംവിധായകരോട് എനിക്ക് ഏറെ അസൂയ തോന്നുന്നു. അവരുടെ ധൈര്യം, സാഹസികത, ഒപ്പം കാര്യങ്ങളെ നന്നായി മനസിലാക്കുന്ന ഗംഭീര പ്രേക്ഷകരും ചേർന്നാണ് അവിടുത്തെ ഫിലിം മേക്കിംഗിനെ ശാക്തീകരിക്കുന്നത്. എനിക്ക് അങ്ങേയറ്റം അസൂയ തോന്നുന്നു. പിന്നെ മമ്മൂട്ടി… എന്താണ് അദ്ദേഹം ചെയ്‍തിരിക്കുന്നത്… കാതലാണ് എൻറെ അടുത്ത ലിസ്റ്റിൽ”, അനുരാഗ് കുറിക്കുന്നു

Leave a Reply

Your email address will not be published. Required fields are marked *