
ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമോ? പരിഗണനയിൽ ഇല്ലെന്ന് കെ.എൻ. ബാലഗോപാൽ
ക്ഷേമ പെൻഷൻ 2500 രൂപയാക്കുന്നത് പരിഗണനയിൽ ഇല്ലെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. ക്ഷേമ പെൻഷൻ 2500 രൂപ ആക്കുമെന്നായിരുന്നു പ്രകടന പത്രിക വാഗ്ദാനം.
ഇത് പാലിക്കാൻ സാധിക്കാത്തതിൻ്റെ കാരണം വിശദമാക്കണമെന്ന് യു.ഡി.എഫ് എം എൽ എ മാരായ എ.പി അനിൽകുമാർ, ഐ.സി. ബാലകൃഷ്ണൻ, കെ.കെ. രമ, എൽദോസ് കുന്നപ്പിള്ളി എന്നിവർ ധനമന്ത്രിയോട് നിയമസഭയിൽ ചോദ്യം ഉന്നയിച്ചിരുന്നു.
അതിൻ്റെ കാരണം വ്യക്തമാക്കാതെ പരിഗണനയിൽ ഇല്ലെന്ന മറുപടിയാണ് കെ.എൻ. ബാലഗോപാൽ നൽകിയത്. 2021 ലെ സി പി എമ്മിൻ്റെ പ്രകടനപത്രികയിൽ ആയിരുന്നു ക്ഷേമ പെൻഷൻ 2500 രൂപയായി ഉയർത്തും എന്ന് വാഗ്ദാനം ചെയ്തത്. എന്നാൽ അതിന് ശേഷം 2021- 22 ലെ പുതുക്കിയ ബജറ്റ്, 2022-23, 2023-24, 2024- 25, 2025-26 ബജറ്റുകൾ അടക്കം അഞ്ച് ബജറ്റുകൾ കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ചെങ്കിലും ക്ഷേമ പെൻഷനിൽ 100 രൂപയുടെ വർധന പോലും നടത്തിയില്ല.
വർധന നടത്തിയില്ലെന്ന് മാത്രമല്ല ക്ഷേമ പെൻഷൻ അഞ്ച് മാസത്തെ കുടിശികയും ആക്കി. ലോക സഭയിലെ ദയനിയ തോൽവിക്ക് ശേഷമാണ് 2 മാസത്തെ കുടിശിക നൽകിയത്. നിലവിൽ 3 മാസത്തെ ക്ഷേമ പെൻഷൻ കുടിശികയാണ്. 4800 രൂപ വീതം ഓരോ ക്ഷേമ പെൻഷൻകാരനും സർക്കാർ നൽകാനുണ്ട്.
2025- 26 സാമ്പത്തിക വർഷം കുടിശിക കൊടുത്ത് തീർക്കുമെന്നാണ് വാഗ്ദാനം. വാഗ്ദാനം പാലിച്ചാൽ 2025- 26 ൽ 15 മാസത്തെ ക്ഷേമ പെൻഷൻ നൽകണം. ഏകദേശം 15000 കോടി ഇതിന് വേണ്ടി കണ്ടെത്തണം. പെൻഷൻ നൽകാൻ രൂപികരിച്ച പെൻഷൻ കമ്പനിയുടെ ബാധ്യത നിലവിൽ 15000 കോടിയാണ്. ഇത് ഇനിയും ഉയരും എന്ന് വ്യക്തം.ധൂർത്ത് കുറച്ച് ഖജനാവിൽ നിന്ന് സർക്കാർ പെൻഷൻ കമ്പനിക്ക് ബാധ്യത തീർക്കാൻ പണം നൽകിയില്ലെങ്കിൽ പെൻഷൻ കമ്പനിയുടെ പ്രവർത്തനം താളം തെറ്റും.