
തിരുവനന്തപുരം: എഴുത്തുകാരന് അപ്രതീക്ഷിത അഭിനന്ദനവും പ്രോത്സാഹനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ബാബു എബ്രഹാം എഴുതിയ ‘കമ്പിളികണ്ടത്തെ കൽഭരണികൾ’ എന്ന പുസ്തകം വായിച്ചതിന് പിന്നാലെയാണ് അദ്ദേഹം എഴുത്തുകാരനെ നേരിട്ട് വിളിച്ച് അഭിനന്ദനം അറിയിച്ചത്. പുസ്തകം ഇഷ്ടപ്പെട്ടുവെന്ന് അറിയിക്കുക മാത്രമല്ല, തന്റെ നിയോജകമണ്ഡലത്തിലെ കുട്ടികൾക്കായി 1000 കോപ്പികൾ ഓർഡർ നൽകുകയും ചെയ്തു.
ഇതേക്കുറിച്ച് എഴുത്തുകാരൻ ബാബു എബ്രഹാം തന്നെയാണ് ഫേസ്ബുക്കിൽ പങ്കുവെച്ചത്. പത്രപ്രവർത്തകനായ റോയ് മാത്യു വഴിയാണ് വി.ഡി. സതീശൻ പുസ്തകത്തെക്കുറിച്ച് അറിയുന്നത്. സ്വിറ്റ്സർലൻഡിലേക്ക് യാത്ര പോകാൻ ഒരുങ്ങുമ്പോഴാണ് പ്രതിപക്ഷ നേതാവിന്റെ ഫോൺ കോൾ തന്നെ തേടിയെത്തിയതെന്ന് ബാബു എബ്രഹാം കുറിച്ചു.
“ഞാൻ വി.ഡി. സതീശൻ,” എന്ന് പരിചയപ്പെടുത്തിക്കൊണ്ട് സംസാരിച്ചു തുടങ്ങിയ അദ്ദേഹം, പുസ്തകത്തിലെ ഓരോ അധ്യായങ്ങളിലൂടെയും കടന്നുപോയി വായനാനുഭവം ഏറെ വൈകാരികതയോടെ പങ്കുവെച്ചുവെന്ന് എഴുത്തുകാരൻ പറയുന്നു. “ഇത്രയേറെ ഉത്തരവാദിത്തങ്ങൾ ഉള്ള ഒരാൾ കൽഭരണികൾ മനസ്സിരുത്തി വായിച്ചു എന്നത് എന്നെ അത്ഭുതപ്പെടുത്തി,” എന്ന് ബാബു എബ്രഹാം കുറിച്ചു.
“നമ്മുടെ കുട്ടികൾ വായിച്ചിരിക്കേണ്ട പുസ്തകമാണ്. നാളെത്തന്നെ എന്റെ നിയോജകമണ്ഡലത്തിലെ കുട്ടികൾക്കു വേണ്ടി ആയിരം കോപ്പികൾക്ക് ഓർഡർ കൊടുക്കുകയാണ്,” എന്ന് വി.ഡി. സതീശൻ പറഞ്ഞപ്പോൾ തനിക്ക് വിശ്വസിക്കാനായില്ലെന്നും, ഇന്ന് മാതൃഭൂമി ബുക്ക്സ് 1000 കോപ്പികളുടെ ഓർഡർ സ്ഥിരീകരിച്ചുവെന്നും അദ്ദേഹം സന്തോഷത്തോടെ പങ്കുവെച്ചു.
നാട്ടിൽ വരുമ്പോൾ നേരിൽ കാണണമെന്നും, പുസ്തകത്തിന്റെ പശ്ചാത്തലമായ കമ്പിളികണ്ടത്തേക്ക് ഒരുമിച്ച് യാത്ര പോകണമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞപ്പോൾ തന്റെ കണ്ണുകൾ നിറഞ്ഞുവെന്നും ബാബു എബ്രഹാം ഫേസ്ബുക്ക് പോസ്റ്റിൽ കൂട്ടിച്ചേർത്തു.