News

അമേരിക്കയില്‍ നാലംഗ മലയാളി കുടുംബം മരിച്ചനിലയിൽ; ആനന്ദും ആലീസും മരിച്ചത് വെടിയേറ്റ്, മക്കളുടെ മരണകാരണം അവ്യക്തം

കലിഫോർ‌ണിയ: കാലിഫോർണിയയിൽ കൊല്ലം സ്വദേശികളായ നാലംഗ കുടുംബത്തെ മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലം ഫാതിമമാതാ കോളജ് മുൻ പ്രിൻസിപ്പൽ പട്ടത്താനം വികാസ് നഗർ 57ൽ ഡോ. ജി ഹെൻട്രിയുടെ മകൻ ആനന്ദ് സുജിത് ഹെൻട്രി (42), ഭാര്യ പ്രിയങ്ക (40) ഇവരുടെ ഇരട്ടക്കുട്ടികളായ നോഹ, നെയതൻ (നാല്) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.

ആനന്ദ് സുജിത്ത് ഹെൻട്രിയുടെയും ഭാര്യ ആലീസ് പ്രിയങ്കയുടെയും ശരീരത്തിൽ വെടിയേറ്റ പാടുകളുള്ളതായാണ് റിപ്പോർട്ട്. മൃതദേഹങ്ങൾക്കു സമീപത്തുനിന്ന് പിസ്റ്റൾ കണ്ടെത്തി. ഭാര്യയെ കൊലപ്പെടുത്തി ആനന്ദ് ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. അതേസമയം, രണ്ടു കുട്ടികൾ മരിച്ചത് എങ്ങനെയെന്നതിൽ ദുരൂഹത തുടരുകയാണ്. ഇക്കാര്യം അന്വേഷിച്ചു വരികയാണെന്ന് പൊലീസ് വ്യക്തമാക്കി.

പ്രാദേശിക സമയം 12ന് രാവിലെ 9.15ന് (ഇന്ത്യൻ സമയം തിങ്കളാഴ്ച രാത്രി 7.45നാണ്) മൃതദേഹങ്ങൾ പോലീസ് കണ്ടെത്തിയിരിക്കുന്നത്.

മരിച്ച ആലീസ് പ്രിയങ്കയുടെ അമ്മ ജൂലിയറ്റ് ഇവർക്കൊപ്പം അമേരിക്കയിലായിരുന്നു. 11ാം തീയതിയാണ് മടങ്ങിയെത്തിയത്. 12ന് പുലർച്ചെ തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ ഇവർ മകളെ വിളിച്ചിരുന്നു. പിന്നീട് വീട്ടിലെത്തി വാട്സാപ്പിൽ മെസേജ് അയച്ചിരുന്നു. എന്നാൽ, ഇവരിൽ ഒരാൾ മാത്രമാണ് മെസേജ് കണ്ടത്. പിന്നീട്, സംശയം തോന്നിയ അമേരിക്കയിലുള്ള മറ്റൊരു ബന്ധുവിനെ വിവരം അറിയിക്കുകയായിരുന്നു.

ഒരു സുഹൃത്ത് മുഖേന ആനന്ദിന്റെ വീട്ടിൽ എത്തി പരിശോധിച്ചപ്പോൾ മറുപടിയൊന്നും ലഭിച്ചില്ല. തുടർന്ന് പോലീസിനെ അറിയിക്കുകയും പൂട്ട് തകർത്ത് അകത്ത് എത്തി പരിശോധിച്ചപ്പോഴാണ് മരിച്ച വിവരം മനസ്സിലാക്കിയത്. പ്രദേശത്ത് നിന്നും മറ്റാരുടേയും സാന്നിധ്യം കണ്ടെത്താൻ സാധിച്ചിട്ടില്ല.

ഗൂഗിളിൽ ജോലി ചെയ്തിരുന്ന ആനന്ദ് അടുത്തിടെയാണ് ജോലി രാജിവച്ചു സ്റ്റാർട്ടപ് തുടങ്ങിയത്. ആലീസ് സീനിയർ അനലിസ്റ്റായി ജോലി ചെയ്യുകയായിരുന്നു. ആറേഴു വർഷം മുൻപാണ് കുടുംബം അമേരിക്കയിലേക്കു പോയത്. അതിനു ശേഷം തിരികെ വന്നിട്ടില്ല. ഇരട്ടക്കുട്ടികളുടെ ജനനവും അവിടെ തന്നെയായിരുന്നു.

കിളികൊല്ലൂർ വെളിയിൽ വീട്ടിൽ പരേതനായ ബെൻസിഗർ- ജൂലിയറ്റ് ദമ്പതികളുടെ ഏക മകളാണ് ആലീസ്. പൊലീസ് എത്തിയപ്പോഴേക്കും അവർ മരിച്ചു എന്നാണ് അറിയുന്നത്. മറ്റാരുടെയും സാന്നിധ്യം തിരിച്ചറിഞ്ഞിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *