InternationalSports

അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരം ഉപേക്ഷിച്ചൂ

നോയ്ഡ: ഇന്ത്യൻ ക്രിക്കറ്റിലെ 91 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഒരു രാജ്യാന്തര ടെസ്റ്റ് മത്സരം ഒറ്റ പന്തുപോലും എറിയാതെ ഉപേക്ഷിച്ചു. നോയ്ഡയില്‍ നടക്കേണ്ടിയിരുന്ന അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ഡ് ടെസ്റ്റ് മത്സരമാണ് മോശം കാലാവസ്ഥയും ഗ്രൗണ്ടിലെ സൗകര്യങ്ങളുടെ അപര്യാപ്തതയും മൂലം ഉപേക്ഷിച്ചത്. 1933ലാണ് ഇന്ത്യയില്‍ ഒരു ടെസ്റ്റ് മത്സരം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചത്.

ഏഷ്യയില്‍ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന രണ്ടാമത്തെ മാത്രം മത്സരവുമാണിത്. 1998ല്‍ ഫൈസലാബാദില്‍ നടക്കേണ്ടിയിരുന്ന പാകിസ്ഥാന്‍-സിംബാബ്‌വെ മത്സരമാണ് ഏഷ്യയില്‍ ഇതിന് മുമ്പ് ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ച ടെസ്റ്റ് മത്സരം. ടെസ്റ്റ് ചരിത്രത്തില്‍ തന്നെ ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിക്കുന്ന ഏഴാമത്ത മാത്രെ ടെസ്റ്റുമാണിത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നനഞ്ഞു കുതിര്‍ന്ന ഗ്രൗണ്ട് മത്സരയോഗ്യമാക്കാന്‍ സൂപ്പര്‍ സോപ്പറടക്കമുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നതുമാണ് മത്സരം നടത്താന്‍ കഴിയാതിരുന്നത്.

കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി അഫ്ഗാനിസ്ഥാന്‍റെ ഹോം ടെസ്റ്റുകള്‍ക്ക് വേദിയൊരുക്കുന്നത് ഇന്ത്യയാണ്. നോയ്ഡക്ക് പുറമെ കാണ്‍പൂരും ബെംഗലൂരുവും ബിസിസിഐ വേദിയാക്കാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ തങ്ങളാണ് എളുപ്പം എത്തിച്ചേരാന്‍ സൗകര്യമുള്ള ഗ്രൗണ്ടെന്ന നിലയില്‍ നോയ്ഡ തെരഞ്ഞെടുത്തതെന്നും അഫ്ഗാനിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നു.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ ഭാഗമല്ലാത്തതായിരുന്നു അഫ്ഗാനിസ്ഥാന്‍-ന്യൂസിലന്‍ൻഡ് ഏക ടെസ്റ്റ് മത്സരം. അഫ്ഗാനിസ്ഥാനെതിരായ ടെസ്റ്റ് മത്സരം ഉപേക്ഷിച്ചതോടെ ന്യൂസിലന്‍ഡ് ടീം ശ്രീലങ്കന്‍ പര്യടനത്തിനായി പോകും. ശ്രീലങ്കക്കെതിരെ രണ്ട് ടെസ്റ്റുകള്‍ കളിക്കുന്ന ന്യൂസിലന്‍ഡ് അടുത്തമാസം ഇന്ത്യക്കെതിരെ മൂന്ന് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ കളിക്കാന്‍ തിരിച്ചെത്തും.

Leave a Reply

Your email address will not be published. Required fields are marked *