
വെള്ളം കുടിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
അധികമായാൽ അമൃതവും വിഷമാണ് എന്ന് കേട്ടിട്ടില്ലേ. അത് പോലെയാണ് നാം ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കുന്ന പല കാര്യങ്ങളും. ഒരിക്കൽ പോലും നമ്മൾ മറക്കാതെ ഉപയോഗിക്കുന്ന ഒന്നാണ് വെള്ളം. ശരീരത്തിലെ അവയവങ്ങളുടെ സുഗമമായ പ്രവർത്തനത്തിന് അത്യന്താപേക്ഷികമായ ഒന്നാണ് വെള്ളം. മനുഷ്യശരീരത്തിന്റെ 2/3 ഉം വെള്ളം കൊണ്ടുള്ളതാണ്.

രക്തം, പേശികൾ, മസ്തിഷ്‌ക ദ്രവ്യങ്ങൾ, എല്ലുകൾ എന്നിവയിൽ യഥാക്രമം 83%, 75%, 74%, 22% ജലം അടങ്ങിയിരിക്കുന്നു. വെള്ളം കുടിക്കാതിരുന്നാൽ ശരീരത്തിലെ ജലാശം കുറഞ്ഞ് പല ഗുരുതര പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ചർമ്മത്തിന്റെ ആരോഗ്യത്തിനും വെള്ളം ആവശ്യമാണ്. ചർമ്മം തിളക്കമുണ്ടാവുന്നതിനും രക്തസമ്മർദ്ദത്തിനും വെള്ളം കുടി കുറയുന്നതിനും വെള്ളം സഹായിക്കും.
പുരുഷന്മാർ ഒരു ദിവസം 15 ഗ്ലാസ് വെള്ളവും സ്ത്രീകൾ 11 ഗ്രാസ് വെള്ളവും കുടിക്കണം എന്നാണ് കണക്ക്. ഒരാളുടെ ശരീരഭാരം, കാലാവസ്ഥ, എന്നിവയൊക്കെ കണക്കിലെടുത്താൽ ഓരോരുത്തരുടെയും ഉള്ളിലെത്തേണ്ട വെള്ളത്തിന്റെ അളവിൽ വ്യത്യാസമുണ്ടാകും. എന്നിരുന്നാലും ഒരു പരിധിയിലധികം കുടിക്കുന്നതും ശരീരത്തിന് അത്ര ഗുണകരമായ കാര്യമല്ല. വെള്ളം കുടിക്കുന്നത് അമിതമായാൽ ഉണ്ടാവുന്ന ഒരു രോഗമുണ്ട്. ആ രോഗാവസ്ഥയുടെ പേരാണ് ഹൈപ്പോനേട്രീമിയ.
ഹൈപ്പോനേട്രീമ ഉണ്ടായാൽ ശരീരത്തിലെ കോശങ്ങൾ വീർക്കാൻ തുടങ്ങും. ചെറിയ തലവേദന, ഛർദി, തലചുറ്റൽ എന്നിവയൊക്കെയാണ് ഹൈപ്പോനേട്രീമിയയുടെ പ്രധാന ലക്ഷണങ്ങൾ. ഈ രോഗമുണ്ടായാൽ ശരീരം കോമയിലാവുകയോ ചിലപ്പോൾ മരണം വരെ സംഭവിക്കുകയോ ചെയ്തേക്കാമെന്ന് വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നു.

വെള്ളം ഒരുപാട് ഉള്ളിലെത്തുന്നത് ശരീരത്തിലെ സോഡിയത്തിന്റെ അളവ് കുറയ്ക്കും, ശരീരത്തിന്റെ സുഗമായ പ്രവർത്തനത്തിന് ഏറ്റവും ആവശ്യമായ ഇലക്ട്രോലൈറ്റുകളിലൊന്നാണ് സോഡിയം. അത് കുറയുന്ന അവസ്ഥയെയാണ് ഹൈപ്പോനേട്രീമിയ എന്ന് പറയുന്നത്.