Kerala Government News

സാലറി ചലഞ്ച് പാളി; പകുതിപ്പേര്‍ക്കും സമ്മതമില്ല

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തബാധിത മേഖലകളിലെ പുനർനിർമാണത്തിനായി സംസ്ഥാന സർക്കാർ ജീവനക്കാർക്കിടയില്‍ പ്രഖ്യാപിച്ച സാലറി ചലഞ്ചിന് തണുത്ത പ്രതികരണം. ദുരിതാശ്വാസ നിധിയിലേക്ക് അഞ്ച് ദിവസത്തെ ശമ്പളം നല്‍കാൻ സമ്മതം മൂളിയവർ 52 ശതമാനം പേർ മാത്രം. സാലറി ചലഞ്ചിലെത്തിയവർ കൂടുതലും ലീവ് സറണ്ടറിൽ നിന്നു തുക ഈടാക്കാനുള്ള സമ്മത പത്രമാണ് നൽകിയത്. അഞ്ഞൂറു കോടി രൂപയായിരുന്നു ചലഞ്ചിലൂടെ സർക്കാർ ലക്ഷ്യമിട്ടിരുന്നത്.

അഞ്ചു ദിവസത്തെ ശമ്പളം ഒറ്റത്തവണയായോ, ഗഡുക്കളായോ നൽകാനുള്ള സമ്മതപത്രം നൽകാനുള്ള നിർദേശമാണ് സർക്കാർ മുന്നോട്ടുവെച്ചത്. ഈ മാസം അഞ്ചുവരെ സമ്മതപത്രം നൽകാനുള്ള അവസരമുണ്ടായിരുന്നു. ശമ്പള സോഫ്റ്റുവെയറായ സ്പാർക്ക് വഴിയാണ് സമ്മതപത്രം നൽകേണ്ടത്. ഇതു വരെ നൽകിയത് 52 ശതമാനം പേർ മാത്രമാണെന്നാണ് അറിയുന്നത്. ഏഴാം തീയതി യോടെയാണ് ശമ്പള വിതരണ നടപടിക്രമങ്ങൾ പൂർത്തിയായത്.

ആകെ അഞ്ചു ലക്ഷത്തി മുപ്പത്തിരണ്ടായിരത്തി ഇരുനൂറ്റിയേഴ് ജീവനക്കാരാണുള്ളത്. മുഴുവൻ പേരും പങ്കാളികളായാൽ അഞ്ഞൂറു കോടി ഖജനാവിലേക്കെത്തുമെന്നായിരുന്നു കണക്ക്. വിചാരിച്ച പങ്കാളിത്തം വരാത്തതോടെ പകുതി തുക മാത്രമായിരിക്കും എത്തുക. അഞ്ചു ദിവസമെന്നത് നിർബന്ധമാക്കിയതോടെ പങ്കെടുക്കില്ലെന്നു പ്രതിപക്ഷ സംഘടനകൾ അറിയിച്ചിരുന്നു. സമ്മത പത്രം നൽകാത്തവരിൽ നിന്നു പണം ഈടാക്കേണ്ടെന്നായിരുന്നു സർക്കാർ തീരുമാനം.

അഞ്ച് ദിവസത്തെ ശമ്പളം എന്ന ഉപാധിയാണ് സർക്കാർ ജീവനക്കാരുടെ നിസ്സഹകരണത്തിന് കാരണമായതെന്നാണ് വിലയിരുത്തുന്നത്.

Leave a Reply

Your email address will not be published. Required fields are marked *