
സ്പീക്കറും മുഖ്യമന്ത്രിയും പ്രതിപക്ഷത്തിനെതിരെ; തിരിച്ചടിച്ച് വി.ഡി. സതീശൻ
പതിനഞ്ചാം കേരള നിയമസഭയുടെ പന്ത്രണ്ടാം സമ്മേളനം പ്രതിപക്ഷ പ്രതിഷേധത്തോടെയാണ് തുടങ്ങിയത്. സഭയ്ക്കുള്ളിൽ പ്രതിപക്ഷത്തിന് ചോദ്യങ്ങൾ ചോദിക്കാനുള്ള അവകാശത്തെ സർക്കാർ ചോദ്യം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ചൂണ്ടിക്കാട്ടി. ഈ രീതിയാണു സ്വീകരിക്കുന്നതെങ്കിൽ ചോദ്യങ്ങൾ ചോദിക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് വ്യക്തമാക്കി. സ്പീക്കറുടെ വിശദീകരണത്തിൽ തൃപ്തരാകാതെ പ്രതിപക്ഷം സഭയുടെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധിച്ചു. പ്രതിപക്ഷം ചോദ്യോത്തരവേള ബഹിഷ്‌കരിച്ചു.
സ്പീക്കർ കസേരയിലിരിക്കുന്ന എ.എൻ. ഷംസീറിനെക്കൊണ്ട് പ്രതിപക്ഷം പൊറുതിമുട്ടിയ ദിനമായിരുന്നു ഇന്ന് നിയമസഭയിൽ കടന്നുപോയത്. പ്രതിപക്ഷ എംഎൽഎമാർ ചോദിച്ച 49 അതീവ പ്രാധാന്യമുള്ള ചോദ്യങ്ങളെ ഒരുമിച്ച അപ്രസക്തമാക്കുന്ന നടപടി സ്വീകരിച്ചതാണ് ഇന്ന് നിയമസഭ കലുഷിതമാകാനും പിന്നീട് നിർത്തിവെക്കാനും കാരണമായത്.
വർഗീയ ശക്തികളുടെ ഇടപെടൽ, എ.ഡി.ജി.പി – ആർ.എസ്.എസ് കൂടിക്കാഴ്ച്ച, തൃശൂർ പൂരം തടസ്സപ്പെട്ട സംഭവം, എഡിജിപിക്കെതിരെയുള്ള ആരോപണം, പി. ശശിക്കെതിരെയുള്ള ആരോപണം എന്നിവയെക്കുറിച്ചുള്ള ചോദ്യങ്ങളെയാണ് സ്പീക്കർ പ്രാധാന്യം കുറച്ചത്. ഇതിരെതിരെയായിരുന്നു പ്രതിപക്ഷത്തിന്റെ പ്രതിഷേധം.
ഇതിനെതിരെ സഭയിൽ പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങൾക്കെതിരെ സ്പീക്കർ രംഗത്തെത്തി. നിങ്ങളിലാരാണ് പ്രതിപക്ഷ നേതാവെന്ന് സ്പീക്കർ ചോദിച്ചു. ഇത് സ്പീക്കറുടെ പക്വതയില്ലായ്മയാണെന്ന് തിരിച്ചടിച്ച പ്രതിപക്ഷ നേതാവിന് മറുപടിയുമായി മന്ത്രി എംബി രാജേഷും പിന്നീട് മുഖ്യമന്ത്രിയും രംഗത്തെത്തി. ഇതോടെ സ്പീക്കർക്കെതിരെ പറഞ്ഞ കാര്യങ്ങൾ സഭാരേഖകളിൽ നിന്ന് ഒഴിവാക്കുമെന്ന് സ്പീക്കർ പ്രഖ്യാപിക്കുകയായിരുന്നു..
സ്പീക്കറുടെ പക്വതയില്ലായ്മയെക്കുറിച്ച് വി.ഡി. സതീശൻ പറഞ്ഞ വാക്കുകൾ സഭാരേഖകളിൽ നിന്നും സഭ ടിവിയിൽ നിന്നും ഒഴിവാക്കുമെന്ന് പ്രഖ്യാപിച്ച സ്പീക്കർ. പക്ഷേ, പ്രതിപക്ഷ നേതാവിനെതിരെ മുഖ്യമന്ത്രിയും പാർലമെന്ററി കാര്യമന്ത്രി എം.ബി. രാജേഷും പറഞ്ഞ വാക്കുകൾ നിലനിൽത്താനും ശ്രദ്ധിച്ചു. ഇതിനെതിരെ രംഗത്തെത്തിയ പ്രതിപക്ഷത്തിനെതിരെ നിലവാരമില്ലാത്ത നേതാവെന്ന് ആവർത്തിച്ച് ആക്ഷേപിക്കുന്ന രീതിയാണ് മുഖ്യമന്ത്രിയും ഭരണപക്ഷവും സ്വീകരിച്ചത്. ഇതിനെതിരെ പ്രതിപക്ഷം വീണ്ടും നടുത്തളത്തിലറങ്ങി പ്രതിഷേധിച്ചു. ഇതോടെ മുഖ്യമന്ത്രി അസാധാരണാംവിധം പ്രതികരിക്കുന്നതും ഇന്ന് സഭയിൽ കാണാനായി.. ഒരുവിഭാഗത്തിന്റെ കാര്യം മാത്രം നോക്കുന്ന സ്പീക്കറോട് സഹകരിക്കാനാകില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. വരും ദിവസങ്ങളിലും പ്രതിപക്ഷ നേതാവും സ്പീക്കറും തമ്മിലുള്ള പരസ്പര പോര് ശക്തിപ്പെടുമെന്ന് തന്നെയാണ് കരുതുന്നത്.
രൂക്ഷമായ ഭരണപ്രതിപക്ഷ ബഹളത്തെ തുടർന്ന് നിയമസഭ ഇന്നത്തേക്ക് പിരിഞ്ഞു. പ്രതിപക്ഷ നേതാവിന് നിലവാരമില്ലെന്ന ഭരണപക്ഷ പരാമർശമാണ് തർക്കത്തിനിടയാക്കിയത്. ഇതിന് രൂക്ഷഭാഷയിൽ പ്രതിപക്ഷ നേതാവ് മറുപടി പറഞ്ഞു. അതേ ഭാഷയിൽ മുഖ്യമന്ത്രിയും മറുപടി നൽകി. ഇതോടെ വാക്കേറ്റമായി. പ്രതിപക്ഷം സ്പീക്കറുടെ ഡയസിലേക്ക് കയറാൻ ശ്രമിച്ചു. വാച്ച് ആൻഡ് വാർഡുമായി ഉന്തും തള്ളുമുണ്ടായി. പ്രതിപക്ഷ അംഗങ്ങൾ സ്പീക്കറുടെ കസേരയുടെ അടുത്തെത്തി.