News

‘സ്പീക്കറെ ബഹുമാനിച്ചില്ല’! നിയമസഭാ ജീവനക്കാർക്ക് കൂട്ട സസ്‌പെൻഷൻ

തിരുവനന്തപുരം: നിയമസഭ ജീവനക്കാർക്കെതിരെ കടുത്ത നടപടിയുമായി സ്പീക്കർ എ.എൻ. ഷംസീർ. നിയമസഭാ ലൈബ്രറി ജീവനക്കാർക്ക് ചട്ടവിരുദ്ധമായി ഇ ഓഫീസ് ലോഗിൻ അനുവദിച്ച നടപടി പിൻവലിക്കണമെന്ന് സ്പീക്കറെ നേരിൽകണ്ട് അഭ്യർത്ഥിച്ച രണ്ട് വനിതകൾ ഉൾപ്പെടെ ആറ് ഭരണകക്ഷി സംഘടന അംഗങ്ങളെ സസ്‌പെൻഡ് ചെയ്തു.

ചട്ടവിരുദ്ധമായി ലോഗിൻ അനുവദിച്ചതിനെ തുടർന്ന് രാജി നൽകിയ ഇരുന്നൂറോളം ജീവനക്കാരിൽ ഉൾപ്പെട്ട ഇവരിൽ സംഘടനയുടെ വൈസ് പ്രസിഡണ്ടും മാനേജിംഗ് കമ്മിറ്റി അംഗവും നാലു പാർട്ടി അംഗങ്ങളും ഉൾപ്പെടുന്നു.

സാമൂഹ്യ മാധ്യമത്തിലൂടെ സ്പീക്കറെയും സ്പീക്കർ ഓഫീസിനേയും അപകീർത്തിപ്പെടുത്തുവാൻ ശ്രമിച്ചു എന്ന ആരോപണം ഉന്നയിച്ചാണ് സസ്‌പെൻഷൻ. എന്നാൽ ഇതിന് ആധാരമായി ചൂണ്ടിക്കാണിച്ചിരിക്കുന്ന സോഷ്യൽ മീഡിയ കുറിപ്പിൽ സ്പീക്കറേയോ സ്പീക്കർ ഓഫീസിനെയോ ഏതെങ്കിലും തരത്തിൽ അവഹേളിക്കുന്ന യാതൊരു പരാമർശവും ഉൾപ്പെട്ടിട്ടില്ല എന്ന് നടപടിക്ക് വിധേയരായവർ പറയുന്നു.

പ്രിയപ്പെട്ടവരെ അസിസ്റ്റന്റ് ലൈബ്രറി വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് ബഹുമാനപ്പെട്ട സ്പീക്കറെ കാണുകയും നമ്മുടെ നിവേദനം സമർപ്പിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട സ്പീക്കറുമായി 15 മിനിറ്റോളം വിഷയങ്ങൾ സംസാരിച്ചു. ഈ കൂടിക്കാഴ്ചയിൽ നിന്നും ഒരു കാര്യം വളരെ വ്യക്തമാണ് നാളിതുവരെയായി ബഹുമാനപ്പെട്ട സ്പീക്കറെ സംഘടനയുടെ നേതാക്കന്മാർ ഈ വിഷയത്തിന്റെ ഒരുവശം മാത്രമാണ് പറഞ്ഞ് മനസ്സിലാക്കിയിരിക്കുന്നത്. നമ്മുടെ നേതാക്കന്മാർ അസിസ്റ്റന്റ് വിഭാഗത്തിന് അനുകൂലമായി ഒരു കാര്യം പറഞ്ഞിട്ടില്ല എന്നുള്ളത് പൂർണമായി വ്യക്തമായി. നമ്മുടെ സംഘടനാ നേതാക്കൾ നമുക്ക് പൂർണ്ണമായി എതിരായിട്ടാണ് പറഞ്ഞിരിക്കുന്നത് എന്നുള്ളത് വ്യക്തമാണ്. എന്നാലും നമ്മുടെ Points എല്ലാം ബഹുമാനപ്പെട്ട സ്പീക്കറെ വ്യക്തമായി ധരിപ്പിച്ചിട്ടുണ്ട് എന്നുള്ള വിവരം എല്ലാവരെയും അറിയിക്കുന്നു – എന്നുള്ള മെസ്സേജ് ജീവനക്കാരുടെ ഗ്രൂപ്പിൽ വന്നതിന് പിന്നാലെയായിരുന്നു ജീവനക്കാർക്കെതിരെയുള്ള കടുത്ത നടപടി.

അതേസമയം, ലോഗിൻ വിവാദത്തെ തുടർന്ന് ഭരണകക്ഷി സംഘടന രണ്ടായി പിളർന്ന അവസ്ഥയിലാണ്. ഭരണ സംഘടനയുടെ നേതൃത്വത്തെ സമീപിച്ച് മാപ്പു പറഞ്ഞില്ലെങ്കിൽ സസ്‌പെൻഡ് ചെയ്യുമെന്ന് ജീവനക്കാരെ ഭീഷണിപ്പെടുത്തിയിരുന്നു. എന്നാൽ ജീവനക്കാർ തെറ്റുകൾ ഒന്നും ചെയ്തിട്ടില്ലാത്തതിനാൽ മാപ്പ് പറയാൻ തയ്യാറല്ല എന്ന ശക്തമായ നിലപാട് സ്വീകരിച്ചു. തുടർന്ന് സ്പീക്കറെ അധിക്ഷേപിച്ചു എന്ന വ്യാജ ആരോപണം ഉന്നയിച്ച് സസ്‌പെൻഡ് ചെയ്യുകയായിരുന്നു.

ജീവനക്കാരെ അന്യായമായി സസ്‌പെൻഡ് ചെയ്ത നടപടിയിൽ നിയമസഭയിലെ പ്രതിപക്ഷ സംഘടനയായ കേരള ലെജിസ്ലേച്ചർ സെക്രട്ടറിയേറ്റ് അസോസിയേഷൻ പ്രതിഷേധം രേഖപ്പെടുത്തി. സസ്‌പെൻഷൻ നടപടികൾ അടിയന്തരമായി പിൻവലിക്കണം എന്നും ചട്ടവിരുദ്ധ നടപടികൾ റദ്ദാക്കുന്നത് വരെ പ്രതിഷേധം തുടരുമെന്നും സംഘടന അറിയിച്ചു. സസ്‌പെൻഡ് ചെയ്യപ്പെട്ട ജീവനക്കാരുടെ സർവീസ് അവകാശങ്ങളും ആനുകൂല്യങ്ങളും സംരക്ഷിക്കുന്നതിന്എല്ലാ പിന്തുണയും നൽകുമെന്നും സംഘടന അറിയിച്ചു