News

ഫാംഫെഡ് നിക്ഷേപത്തട്ടിപ്പ്: ചെയർമാനും എം.ഡിയും അറസ്റ്റിൽ; 600 കോടിയുടെ തട്ടിപ്പെന്ന് പ്രാഥമിക നിഗമനം

വാർത്താ ചാനല്‍ തുടങ്ങാൻ വന്ന സഹകരണ സ്ഥാപനം അടപടലം പൂട്ടി!

തിരുവനന്തപുരം: സംസ്ഥാനത്ത് മറ്റൊരു സഹകരണ സ്ഥാപനം കൂടി വൻ സാമ്പത്തിക തട്ടിപ്പ് നടത്തി നിക്ഷേപകരെ വഞ്ചിച്ചതായി പരാതി. കോഴിക്കോട് ആസ്ഥാനമായി പ്രവർത്തിക്കുന്ന സതേൺ ഗ്രീൻ ഫാമിംഗ് ആൻഡ് മാർക്കറ്റിംഗ് മൾട്ടി സ്റ്റേറ്റ് കോപ്പറേറ്റീവ് സൊസൈറ്റി (ഫാംഫെഡ്) 600 കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്ന കേസിലാണ് ചെയർമാൻ രാജേഷ് ചന്ദ്രശേഖരൻ പിള്ള, മാനേജിംഗ് ഡയറക്ടർ അഖിൻ ഫ്രാൻസിസ് എന്നിവരെ തിരുവനന്തപുരം മ്യൂസിയം പോലീസ് അറസ്റ്റ് ചെയ്തത്.

ഫാംഫെഡിന്റെ ഉടമസ്ഥതയിൽ ‘ദ ഫോർത്ത്’ (The Fourth) എന്ന പേരിൽ ഒരു മലയാളം സാറ്റലൈറ്റ് വാർത്താ ചാനൽ തുടങ്ങാനും പദ്ധതിയിട്ടിരുന്നു. ഇതിനായി കേരളത്തിലെ പ്രമുഖ വാർത്താ ചാനലുകളിൽ നിന്ന് 300-ൽ അധികം ജീവനക്കാരെ ഉയർന്ന ശമ്പളം വാഗ്ദാനം ചെയ്ത് നിയമിച്ചു. കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ലൈസൻസ് ലഭിക്കുന്നതിന് മുമ്പായിരുന്നു ഈ നിയമനങ്ങളെല്ലാം. കുറച്ചുകാലം ഓൺലൈൻ ചാനലായി പ്രവർത്തിച്ച ശേഷം കഴിഞ്ഞ വർഷം ജൂലൈയിൽ ഈ സംരംഭം അടച്ചുപൂട്ടുകയായിരുന്നു. ചാനലിന്റെ പേരിലും കോടികൾ ചെലവഴിച്ചതായി സൂചനയുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ 16 വർഷമായി കേന്ദ്ര സഹകരണ മന്ത്രാലയത്തിന് കീഴിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന ഫാംഫെഡ്, കാർഷിക മേഖലയിൽ വിവിധ പദ്ധതികൾ ആവിഷ്കരിക്കുന്നതിനൊപ്പം ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് നിക്ഷേപം സ്വീകരിച്ചിരുന്നു. കേരളത്തിലെ ആദ്യത്തെ മൾട്ടി സ്റ്റേറ്റ് കാർഷിക സൊസൈറ്റിയാണെന്നായിരുന്നു ഇവരുടെ പ്രധാന അവകാശവാദം. പ്രമുഖ താരങ്ങളെ ഉൾപ്പെടുത്തി ഉൽപ്പന്നങ്ങൾക്കായി പരസ്യങ്ങളും നൽകിയിരുന്നു.

കവടിയാർ സ്വദേശിനിയായ എമിൽഡ ശാസ്തമംഗലം ബ്രാഞ്ചിൽ നിക്ഷേപിച്ച 2,45,000 രൂപയ്ക്ക് പലിശ ലഭിക്കാതാവുകയും കാലാവധി കഴിഞ്ഞിട്ടും മുതൽ തിരികെ നൽകാതിരിക്കുകയും ചെയ്തതോടെയാണ് പോലീസിൽ പരാതി നൽകിയത്. കേരളത്തിലെ വിവിധ പോലീസ് സ്റ്റേഷനുകളിൽ ഫാംഫെഡിനെതിരെ നേരത്തെയും നിക്ഷേപകർ പരാതി നൽകിയിരുന്നെങ്കിലും രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസെടുക്കുന്നത് വൈകിപ്പിക്കുകയായിരുന്നുവെന്നും ആരോപണമുണ്ട്. ഒടുവിൽ, എമിൽഡ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയ ശേഷമാണ് മ്യൂസിയം പോലീസ് ഈ മാസം 16-ന് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചത്.

തൃശൂർ ജില്ലയിലും പരിസരപ്രദേശങ്ങളിലും ദേശീയപാത 66-നായി ഭൂമി വിട്ടുനൽകി നഷ്ടപരിഹാരം ലഭിച്ച നിരവധി പേരെ ലക്ഷ്യമിട്ട് ഫാംഫെഡ് വൻതോതിൽ നിക്ഷേപം സമാഹരിച്ചതായും വിവരമുണ്ട്. ഇവർക്കെല്ലാം നിലവിൽ പണം നഷ്ടപ്പെട്ട അവസ്ഥയാണ്. പോലീസിലോ മാധ്യമങ്ങളിലോ വിവരം അറിയിച്ചാൽ പണം തിരികെ ലഭിക്കില്ലെന്ന് സൊസൈറ്റി അധികൃതർ ഭീഷണിപ്പെടുത്തിയതിനാൽ പലരും പരാതി നൽകാൻ മടിക്കുകയായിരുന്നുവെന്നും പറയപ്പെടുന്നു.