Kerala Government NewsNews

സാമ്പത്തിക പ്രതിസന്ധിക്കിടെ ധൂർത്ത്; GST ഉദ്യോഗസ്ഥർക്ക് വീണ്ടും 49 ലക്ഷത്തിന്റെ പഞ്ചനക്ഷത്ര പരിശീലനം

തിരുവനന്തപുരം: സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോൾ, ജിഎസ്ടി ഇന്റലിജൻസ് വിഭാഗത്തിലെ ഉദ്യോഗസ്ഥർക്കായി വീണ്ടും ലക്ഷങ്ങൾ മുടക്കി പഞ്ചനക്ഷത്ര ഹോട്ടലിൽ ആഡംബര പരിശീലനം. 200-ഓളം ജീവനക്കാർക്കായി കൊച്ചിയിൽ വെച്ച് ആറ് ദിവസത്തേക്ക് സംഘടിപ്പിക്കുന്ന പരിശീലന പരിപാടിക്കായി 49 ലക്ഷം രൂപ ചെലവഴിക്കാൻ ധനവകുപ്പ് പ്രത്യേക അനുമതി നൽകി.

സർക്കാർ പരിശീലന പരിപാടികൾ ചെലവ് കുറഞ്ഞ രീതിയിൽ സർക്കാർ സ്ഥാപനങ്ങളിൽ നടത്തണമെന്ന ധനവകുപ്പിന്റെ തന്നെ ഉത്തരവിന് ഇളവ് നൽകിയാണ് ഈ നടപടി.

കഴിഞ്ഞ വർഷം മെയ് മാസത്തിൽ 47 ലക്ഷം രൂപ മുടക്കി നടത്തിയ സമാനമായ പഞ്ചനക്ഷത്ര പരിശീലനം വലിയ വിവാദമായിരുന്നു. അന്ന് 38 ലക്ഷം രൂപയും ചെലവഴിച്ചത് ഹോട്ടൽ താമസത്തിനും ഭക്ഷണത്തിനും വേണ്ടിയായിരുന്നു.

ഇത് വിവാദമായപ്പോൾ, ആക്രിക്കച്ചവട സ്ഥാപനങ്ങളിലെ റെയ്ഡിന് മുന്നോടിയായുള്ള തയ്യാറെടുപ്പായിരുന്നു പരിശീലനം എന്നായിരുന്നു ജിഎസ്ടി വകുപ്പിന്റെ വിശദീകരണം. റെയ്ഡിൽ 209 കോടിയുടെ നികുതി വെട്ടിപ്പ് കണ്ടെത്തിയെന്നും വകുപ്പ് അവകാശപ്പെട്ടിരുന്നു.

എന്നാൽ, ഈ റെയ്ഡ് ഒരു പ്രഹസനമായിരുന്നു എന്ന് തെളിയിക്കുന്നതാണ് 2025 മാർച്ചിൽ നിയമസഭയിൽ ധനമന്ത്രി നൽകിയ മറുപടി. റെയ്ഡിനെ തുടർന്ന് എത്ര രൂപ നികുതിയായി പിരിച്ചെടുത്തു എന്ന ചോദ്യത്തിന്, “വിവരങ്ങൾ ശേഖരിച്ച് വരുന്നു” എന്നായിരുന്നു ഒരു വർഷത്തിന് ശേഷവും മന്ത്രിയുടെ മറുപടി.

കഴിഞ്ഞ വർഷത്തെ പരിശീലനം, സർവീസിൽ നിന്ന് വിരമിച്ച ഒരു ഭരണകക്ഷി സംഘടനാ നേതാവിനുള്ള യാത്രയയപ്പായിരുന്നു എന്ന് ആരോപണം ഉയർന്നിരുന്നു. ഇത്തവണത്തെ പരിശീലനം, കേന്ദ്ര ഡെപ്യൂട്ടേഷൻ കഴിഞ്ഞ് മടങ്ങുന്ന ഒരു ഉന്നത ഉദ്യോഗസ്ഥനുള്ള യാത്രയയപ്പാണെന്നും വകുപ്പിലെ ഉദ്യോഗസ്ഥർക്കിടയിൽ സംസാരമുണ്ട്.

മെഡിക്കൽ കോളേജുകളിൽ 42,000 രൂപയുടെ ശസ്ത്രക്രിയാ ഉപകരണങ്ങൾ വാങ്ങാൻ പോലും പണമില്ലെന്ന് പറയുന്ന സർക്കാർ, 200 ഉദ്യോഗസ്ഥർക്ക് വേണ്ടി 49 ലക്ഷം രൂപയുടെ ആഡംബര പരിശീലനം സംഘടിപ്പിക്കുന്നതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.