
പുകവലിയും മദ്യപാനവും തെറ്റാണ്, ക്ഷമിക്കണം; നല്ല മനുഷ്യനാകാൻ ശ്രമിക്കുമെന്ന് വേടൻ
കൊച്ചി: പുലിപ്പല്ല് കൈവശംവെച്ച കേസിൽ ജാമ്യം ലഭിച്ച റാപ്പർ വേടൻ (ഹിരൺദാസ് മുരളി) പുറത്തിറങ്ങി. പുലിപ്പല്ല് കേസ് കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമായതിനാൽ അതേക്കുറിച്ച് ഇപ്പോൾ കൂടുതൽ പ്രതികരിക്കാനില്ലെന്ന് വേടൻ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, പുകവലിയും മദ്യപാനവും തെറ്റാണെന്നും അതിൽ തന്നോട് ക്ഷമിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. ഒരു നല്ല മനുഷ്യനായി മാറാൻ താൻ ശ്രമിക്കുമെന്നും വേടൻ കൂട്ടിച്ചേർത്തു.
‘കേസിനെക്കുറിച്ച് ഇപ്പോൾ ഒന്നും പറയാൻ കഴിയില്ല. അത് ബഹുമാനപ്പെട്ട കോടതിയുടെ പരിഗണനയിലാണ്. എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാ നല്ല ആളുകൾക്കും എന്റെ നന്ദി. എന്നെ കേൾക്കുകയും കാണുകയും ചെയ്യുന്ന എന്റെ എല്ലാ സഹോദരങ്ങളോടും എനിക്കൊരു കാര്യം പറയാനുണ്ട്. എന്റെ പുകവലിയും മദ്യപാനവും വളരെ തെറ്റാണ്. അതൊരു മോശം സ്വാധീനമാണെന്ന് എനിക്കറിയാം. എന്നോട് ക്ഷമിക്കണം. ഒരു നല്ല മനുഷ്യനായി മാറാൻ എനിക്ക് സാധിക്കുമോ എന്ന് ഞാൻ ശ്രമിച്ചുനോക്കട്ടെ. ഞാൻ പോയിട്ട് വരാം. എല്ലാവർക്കും സ്‌നേഹം,’ വേടൻ വികാരാധീനനായി പറഞ്ഞു.
പുലിപ്പല്ലുമായി വേടന് യാതൊരു ബന്ധവുമില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിഭാഷകൻ കോടതിയെ അറിയിച്ചതെന്നും, ഇത് കോടതി അംഗീകരിച്ചതിനാലാണ് ജാമ്യം അനുവദിച്ചതെന്നും അദ്ദേഹം പ്രതികരിച്ചു. കേസിൽ അന്വേഷണം ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണ്. ജാമ്യത്തിന് ചില ഉപാധികളുണ്ട്. അവയെല്ലാം വേടൻ പാലിക്കേണ്ടതുണ്ട്. ജാമ്യ ഉത്തരവിന്റെ പൂർണ്ണമായ വിശദാംശങ്ങൾ ഇതുവരെ ലഭ്യമായിട്ടില്ല. പുലിപ്പല്ല് വേടന് സമ്മാനമായി ലഭിച്ചതാണെന്ന് കോടതിയെ അറിയിച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കൂട്ടിച്ചേർത്തു.
പുലിപ്പല്ല് കൈവശംവെച്ചതിന് വനംവകുപ്പ് രജിസ്റ്റർ ചെയ്ത കേസിൽ ബുധനാഴ്ചയാണ് വേടന് പെരുമ്പാവൂർ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. കേരളം വിട്ടുപോകരുത്, ഏഴു ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിവയാണ് പ്രധാന ഉപാധികൾ.