CricketSports

കിവികളെ 251 ല്‍ പിടിച്ചുകെട്ടി ഇന്ത്യൻ സ്പിന്നർമാർ | Champions Trophy 2025 Final

ദുബായ്: ചാമ്പ്യൻസ് ട്രോഫി ഫൈനലിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ന്യൂസീലാന്റിനെ 251 റണ്‍സില്‍ പിടിച്ചുകെട്ടി ഇന്ത്യൻ ബോളർമാർ. 50 ഓവറുകള്‍ പൂർത്തിയാക്കുമ്പോള്‍ ഏഴുവിക്കറ്റ് നഷ്ടപ്പെടുത്തിയാണ് ന്യൂസീലാന്റ് താരതമ്യേന ഭേദപ്പെട്ട വെല്ലുവിളി ഇന്ത്യക്കെതിരെ ഉയർത്തിയിരിക്കുന്നത്.

മിച്ചൽ (63) ആണ് ടോപ് സ്കോറർ. യംഗ് (15), രവീന്ദ്ര ( 37) ,വില്യംസൺ (11),ലതാം (14), ഫിലിപ്സ് (34), സാൻ്റ്നർ ( 8) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടപ്പെട്ടത്. ബ്രേസ് വെൽ(53), സ്മിത്ത് (0) എന്നിവർ പുറത്താകെ നിന്നു.

കുൽദീപ് യാദവ്, വരുൺ ചക്രവർത്തി എന്നിവർ രണ്ടുവീതവും രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവർ ഒന്നും വിക്കറ്റുകൾ നേടി. സ്പിന്നർമാരാണ് കിവികള്‍ക്കെതിരെ ഉയർന്ന വെല്ലുവിളി ഉയർത്തിയത്. സാൻ്റ്നറെ വീരാട് കോലി റണ്ണൗട്ട് ആക്കി.

വരുൺ ചക്രവർത്തിയുടെ പന്തിൽ വിൽ യങ് 15 റൺസിൽ വിക്കറ്റിനുമുന്നിൽ കുരുങ്ങി ആദ്യം മടങ്ങി. 11-ാം ഓവറിൽ കുൽദീപ് യാദവിന്റെ പന്തിൽ രചിൻ രവീന്ദ്ര (29 പന്തിൽ 37) ബൗൾഡായി. 29 പന്തിൽ 37 റൺസാണ് രചിൻ നേടിയത്. രചിൻ രവീന്ദ്രയുടെ മൂന്ന് ക്യാച്ചുകൾ ഇന്ത്യ കൈവിട്ടിരുന്നു. കെയിൻ വില്യംസണെ (14 പന്തിൽ 11) പുറത്താക്കി കുൽദീപ് യാദവ് വിക്കറ്റ് നേട്ടം രണ്ടാക്കി ഉയർത്തിയതോടെ കളിയുടെ ഗതി ഇന്ത്യൻ സ്പിന്നർമാരുടെ നിയന്ത്രണത്തിലാകുകയായിരുന്നു.

ടോം ലാഥമിനെ (14) രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നിൽ കുരുക്കുകയായിരുന്നു. പിന്നീട് ഗ്ലെൻ ഫിലിപ്‌സിനെ (52 പന്തിൽ 34) വരുൺ ചക്രവർത്തി മടക്കിയതോടെ ന്യൂസീലാന്റിന്‌റെ പാതിപേർ പുറത്തായി.

ന്യൂസിലാന്‌റിന്‌റെ തുടക്കം ഗംഭീരമായിരുന്നു. ആദ്യ മൂന്നോവറുകൾ ഓപ്പണർമാർ ശ്രദ്ധയോടെയാണ് കളിച്ചത്. ഹാർദിക് എറിഞ്ഞ നാലാം ഓവർ തൊട്ട് ബാറ്റിങ് സ്വഭാവം മാറ്റി. രചിൻ രവീന്ദ്രയാണ് ആക്രമണാത്മക ശൈലിക്ക് തുടക്കമിട്ടത്. ഒന്നാംവിക്കറ്റിൽ 57 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയെങ്കിലും 18 റൺസ് ചേർക്കുന്നതിനിടെ മൂന്ന് വിക്കറ്റുകൾ നഷ്ടപ്പെടുകയായിരുന്നു.

മികവോടെ മുന്നോട്ടുപോവുന്നതിനിടെ മൂന്ന് വിക്കറ്റുകൾ വീഴ്ത്തി ഇന്ത്യ ന്യൂസീലാന്‌റിന്റെ ആത്മവിശ്വാസം ചോർത്തി. അവിടെനിന്ന് പിന്നീട് കരകയറാൻ ന്യൂസീലാന്‌റിനായില്ല. ആദ്യ പത്തോവറിൽ 69 റൺസ് നേടിയ ബ്ലാക്ക് ക്യാപ്പുകാർക്ക്, പിന്നീടുള്ള പത്തോവറിൽ 24 റൺസ് നേടാനേ സാധിച്ചുള്ളൂ.

ഇന്ത്യയുടെ സ്പിൻ ഡിപ്പാർട്ട്മെന്റ് കൈയിൽ പന്തെടുത്തുതുടങ്ങിയതോടെയാണ് ന്യൂസീലൻഡ് സ്‌കോറിന് വേഗം കുറഞ്ഞത്. ഓപ്പണിങ് വിക്കറ്റിൽ വിൽ യങ്-രചിൻ രവീന്ദ്ര സഖ്യം 48 പന്തിൽ 57 റൺസ് നേടിയിരുന്നെങ്കിൽ നാലാം വിക്കറ്റിൽ ഡറിൽ മിച്ചൽ-ടോം ലാഥം സഖ്യം 66 പന്തിൽ നേടിയത് 33 റൺസ് മാത്രം. ആദ്യ പത്തോവറിൽ നേടിയ അതേ റൺസ് തുടർന്നുള്ള 20 ഓവറിൽ നേടാൻ ന്യൂസീലൻഡിനെക്കൊണ്ട് കഴിയാത്തവിധം ഇന്ത്യൻ സ്പിന്നർമാർ വരിഞ്ഞുമുറുക്കി. 14-ാം ഓവറിൽ ഡറിൽ മിച്ചൽ ബൗണ്ടറി നേടിയതിൽപ്പിന്നെ 27-ാം ഓവറിൽ ഗ്ലെൻ ഫിലിപ്സ് സിക്സ് നേടിയാണ് പന്തൊന്ന് അതിർത്തി കടന്നുകണ്ടത്. ഇതിനിടെയുള്ള 81 പന്തുകളിൽ ഒറ്റ ഫോറോ സിക്സോ പിറന്നില്ല.