CricketSports

ഗംഭീര കാലമല്ല, കലികാലം; ടെസ്റ്റിലെ തോൽവിക്ക് പിന്നാലെ കടുത്ത നടപടിക്കൊരുങ്ങി ബിസിസിഐ

മുംബൈ: തോൽവിക്കുമേലെ തോൽവിയാകുകയാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം. ഗംഭീര കാലമെന്ന് പറഞ്ഞ് ഗൗതം ഗംഭീറിന്റെ വരവിനെ ആഘോഷമാക്കിയവർ തന്നെ ഇന്ത്യയ്‌ക്കൊരു പരിശീലകൻ ഉണ്ടോ എന്ന ചോദ്യമാണ് ഉയർത്തുന്നത്. ഗംഭീറിന്റെ ആക്രമണ ശൈലിയിൽ പോകുന്ന ഇന്ത്യൻ ടീമിന് തൊടുന്നതെല്ലാം പിഴയ്ക്കുന്ന അവസ്ഥ.

ന്യൂസിലൻഡിനെതിരായ ടെസ്റ്റ് പരമ്പരയിലെ നാണംകെട്ട തോൽവിയും ഗംഭീറിന്റെ കരിയറിൽ ബ്ലാക്ക്മാർക്കായി അടയാളപ്പെടുത്തി. മത്സരത്തിന് പിന്നാലെ കോച്ച് ഗൗതം ഗംഭീറിനും അജിത് അഗാർക്കറുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിക്കുമെതിരെ ബിസിസിഐ കടുത്ത നടപടി സ്വീകരിക്കാൻ ഒരുങ്ങി.

വരാനിരിക്കുന്ന ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിലും ഇന്ത്യ മികവ് കാട്ടിയില്ലെങ്കിൽ മുഖ്യപരിശീലകനെന്ന നിലയിൽ ഗംഭീറിന് ടീം സെലക്ഷനിലുള്ള അധികാരങ്ങൾ വരെ വെട്ടിക്കുറക്കാനാണ് ബിസിസിഐ ആലോചിക്കുന്നത്.

തൻറെ മുൻഗാമികളായ രവി ശാസ്ത്രിയിൽ നിന്നും രാഹുൽ ദ്രാവിഡിൽ നിന്നും വ്യത്യസ്തമായി സെലക്ഷൻ കമ്മിറ്റി യോഗങ്ങളിൽ പങ്കെടുക്കാൻ ഗംഭീറിനെ ബിസിസിഐ അനുവദിച്ചിരുന്നു. ഓസ്ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയുടെ പ്രാധാന്യം കണക്കിലെടുത്താണ് ഗംഭീറിനെ സെലക്ഷൻ കമ്മിറ്റി യോഗത്തിൽ പങ്കെടുപ്പിച്ചത്.

ഗംഭീറിന്റെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പല തിരഞ്ഞെടുപ്പും ഇന്ത്യൻ ടീമിൽ നടത്തുന്നത്. എന്നാൽ ടീം സെലെക്ഷനിൽ വലിയ പാളിച്ചയാണ് സംഭവിക്കുന്നത്. ഇനിയും ഒരു തോൽവി കൂടി ഇന്ത്യൻ ടീം നേരിടേണ്ടി വന്നാൽ അത് പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഭാവിയെ വലിയ രീതിയിൽ തന്നെ ബാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *