News

ആ കാര്യത്തിൽ ബാലഗോപാൽ വ്യത്യസ്തനാണ്; സർക്കാർ ആശുപത്രിയിൽ ചികിൽസക്ക് പോയ മന്ത്രി

ആ കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ വ്യത്യസ്തനാണ്. ചികിൽസക്ക് മുഖ്യമന്ത്രി അമേരിക്കയിലേക്കും മന്ത്രിമാർ സ്വകാര്യ ആശുപത്രിയിലേക്കും പോകുമ്പോൾ ബാലഗോപാൽ ചികിൽസക്ക് പോയത് സർക്കാർ ആശുപത്രിയിൽ ആണ്.

2024 മെയ് 13 മുതൽ 14 വരെ തിരുവനന്തപുരം ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു ബാലഗോപാൽ. ഹൃദ്രോഗ ചികിൽസക്കാണ് ബാലഗോപാൽ തിരുവനന്തപുരം മെഡിക്കൽ കോളേജിനെ ആശ്രയിച്ചത്. ആശുപത്രി വിട്ടിറങ്ങി രണ്ടാം ദിവസം അതായത് മെയ് 17 ചികിൽസക്ക് ചെലവായ തുക നൽകണമെന്ന് ബാലഗോപാൽ മുഖ്യമന്ത്രിക്ക് അപേക്ഷ നൽകിയിരുന്നു. തുടർന്ന് ജൂലൈ 5 ന് 1,91,601 രൂപ ബാലഗോപാലിന് സർക്കാർ ഖജനാവിൽ നിന്ന് നൽകി.

സ്വന്തം ചികിൽസക്ക് മെഡിക്കൽ കോളേജിനെ ആശ്രയിച്ചെങ്കിലും മെഡിക്കൽ കോളേജിനും ആരോഗ്യ മേഖലക്കും ഫണ്ട് നൽകുന്നതിൽ ബാലഗോപാൽ പിശുക്ക് കാണിച്ചു. പ്ലാൻ ബി യുടെ ഭാഗമായി 2024-25 സാമ്പത്തിക വർഷം ബജറ്റ് വിഹിതം ബാലഗോപാൽ വെട്ടിക്കുറച്ചത് ആരോഗ്യ വകുപ്പിനെ ബാധിച്ചു. വ്യാപക വെട്ടിക്കുറവാണ് നടത്തിയത്. ആരോഗ്യ വകുപ്പിൻ്റെ 152 കോടി ബജറ്റ് വിഹിതം 90 കോടിയായി വെട്ടിക്കുറച്ചെന്നും മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിൻ്റെ 401 കോടി ബജറ്റ് വിഹിതം 254 കോടിയായി വെട്ടിക്കുറച്ചെന്നും ആരോഗ്യ മന്ത്രി വീണ ജോർജ് നിയമസഭയിൽ മറുപടി നൽകിയിരുന്നു.

സർക്കാർ ആശുപത്രികളിൽ മരുന്ന് , ശസ്ത്രക്രീയ ഉപകരണങ്ങൾ ഇവയുടെ അഭാവം ഉണ്ടായതിൻ്റെ പ്രധാന കാരണം ഫണ്ട് വെട്ടിക്കുറച്ച ബാലഗോപാലിൻ്റെ നടപടി ആയിരുന്നു.