HealthNews

ഇടക്ക് ഇടക്ക് നെഞ്ചെരിച്ചിൽ ഉണ്ടാകാറുണ്ടോ !? എങ്കിൽ ഇതാ പ്രശ്നപരിഹാരം

നെഞ്ചെരിച്ചില്‍ അത്ര കാര്യമാക്കാറില്ല. പകുതി ദഹിച്ച ഭക്ഷണങ്ങളും ദഹനരസങ്ങളും ആമാശയത്തില്‍ നിന്ന് അന്നനാളത്തിലേക്ക് തിരികെ തെറ്റായ ദിശയില്‍ കടക്കുമ്പോഴാണ് നെഞ്ചെരിച്ചില്‍ ഉണ്ടാവുക എന്നത് പലരും ഓർക്കാറില്ല. ഇത് ആരോ​ഗ്യത്തിന് പ്രശ്നമാണ്. അത് കൊണ്ട് നെഞ്ചെരിച്ചില്‍ മാറ്റാന്‍ വീട്ടില്‍ തന്നെ തയ്യാറാക്കുന്ന ചില പൊടികൈകൾ നോക്കാം.

മോര് – ലാക്റ്റിക് ആസിഡ് ധാരാളം അടങ്ങിയ മോര്, ഉദരത്തിലെ ആസിഡിനെ നിര്‍വീര്യമാക്കുകയും പെട്ടെന്നു തന്നെ നെഞ്ചെരിച്ചില്‍ അകറ്റുകയും ചെയ്യും. മോരില്‍ പ്രോബയോട്ടിക്‌സ് ഉള്ളതിനാല്‍ ദഹനം മെച്ചപ്പെടുത്തുകയും ആസിഡ് റിഫ്‌ലക്‌സ് വരാനുള്ള സാധ്യത കുറയ്ക്കുകയും ചെയ്യുന്നു. ഭക്ഷണശേഷം ഒരു ഗ്ലാസ് തണുത്ത മോര് കുടിക്കാം. ഇന്തുപ്പോ ജീരകം പൊടിച്ചതോ ഇതില്‍ ചേര്‍ത്താല്‍ രുചിയും ദഹനവും മെച്ചപ്പെടും.

ഇഞ്ചി – ഇഞ്ചിക്ക് ആന്റിഇന്‍ഫ്‌ലമേറ്ററി ഗുണങ്ങള്‍ ഉണ്ട്. ഇത് ആസിഡിന്റെ ഉല്‍പാദനം കുറച്ച് ഉദരത്തിന് ആശ്വാസമേകുന്നു. ഇഞ്ചി ദഹനം മെച്ചപ്പെടുത്തുന്നു. അതോടൊപ്പം അന്നനാളത്തിലേക്ക് ആസിഡ് തിരിച്ചൊഴുകുന്നത് തടയുകയും ചെയ്യുന്നു. വെള്ളത്തില്‍ ഇഞ്ചി കഷണങ്ങളിട്ട് ഇഞ്ചിച്ചായ തയാറാക്കാം. ഇത് കുടിക്കുന്നതും ഭക്ഷണ ശേഷം ഇഞ്ചി വായിലിട്ട് ചവയ്ക്കുന്നതും നെഞ്ചെരിച്ചില്‍ തടയും. കൂടാതെ ഇഞ്ചി ചെറുതായി അരിഞ്ഞ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നതും നല്ലതാണ്.

ജീരകം – ജീരകം ദഹനം മെച്ചപ്പെടുത്തുന്നതോടൊപ്പം വായുകോപവും തടയുന്നു. ഇത് നെഞ്ചെരിച്ചില്‍ അകറ്റും. ജീരകം, ഉമിനീരിന്റെ ഉല്‍പാദനം വര്‍ധിപ്പിക്കും. ഇത് ദഹനം മെച്ചപ്പെടുത്താനും ഉദരത്തിലെ ആസിഡുകളെ നിര്‍വീര്യമാക്കാനും സഹായിക്കുന്നു. ഒരു ടീസ്പൂണ്‍ ജീരകം ഇട്ട് വെള്ളം തിളപ്പിക്കുക. ഈ വെള്ളം ഭക്ഷണശേഷമോ നെഞ്ചെരിച്ചില്‍ അനുഭവപ്പെടുമ്പോഴോ കുടിക്കുക.

പെരുംജീരകം -പെരുംജീരകത്തില്‍ അനെഥോള്‍ എന്ന സംയുക്തം അടങ്ങിയിട്ടുണ്ട്. ഇത് ഉദരത്തിലെ പാളിയെ മൃദുവാക്കുകയും ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുകയും ചെയ്യും. ഇത് നെഞ്ചെരിച്ചില്‍ തടയും. ദഹനം മെച്ചപ്പെടുത്താനും വായുകോപം തടയാനും പെരുംജീരകം സഹായിക്കുന്നു. ഭക്ഷണശേഷം പെരുംജീരകം ചവയ്ക്കാം. അല്ലെങ്കില്‍ പെരുംജീരകം ഇട്ട് തിളപ്പിച്ച വെളളം കുടിക്കുന്നതും നല്ലതാണ്.

തുളസിയില – തുളസിയില വായുകോപം ഇല്ലാതാക്കുന്നു. ദഹനം മെച്ചപ്പെടുത്തുന്നു. നെഞ്ചെരിച്ചിലില്‍ നിന്ന് ആശ്വാസമേകുന്നു. ഉദരപാളികളുടെ ആരോഗ്യത്തിനും ഇത് നല്ലതാണ്. ഭക്ഷണശേഷം ഏതാനും തുളസിയില ചവച്ചു തിന്നുന്നത് നല്ലതാണ്. അതുപോലെ തുളസിയില ചൂടുവെള്ളത്തില്‍ ഇട്ട് തുളസിച്ചായ ഉണ്ടാക്കി കുടിക്കുന്നതും നല്ലതാണ്. ചൂടോടെ ഈ ചായ കുടിക്കുന്നത് നെഞ്ചെരിച്ചില്‍ തടയും.

നെല്ലിക്ക – നെല്ലിക്കയില്‍ വൈറ്റമിന്‍ സി ധാരാളമായി അടങ്ങിയിരിക്കുന്നു. ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള നെല്ലിക്ക, ദഹനം മെച്ചപ്പെടുത്തുകയും അസിഡിറ്റി കുറയ്ക്കുകയും ചെയ്യുന്നു. ഉദരത്തിലെ ആസിഡുകളെ ബാലന്‍സ് ചെയ്ത് നെഞ്ചെരിച്ചിലില്‍ നിന്ന് നെല്ലിക്ക ആശ്വാസമേകുന്നു. കുറച്ച് വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച നെല്ലിക്കാ ജ്യൂസോ, െനല്ലിക്ക കഷണങ്ങളാക്കി അല്‍പം ഉപ്പു ചേര്‍ത്തോ കഴിക്കാം. നെല്ലിക്കാപ്പൊടി വെള്ളത്തില്‍ കലക്കി കുടിക്കുന്നതും നെഞ്ചെരിച്ചില്‍ അകറ്റും. പാര്‍ശ്വഫലങ്ങളൊന്നും ഇല്ലാതെ തന്നെ ഇത്തരത്തില്‍ നമുക്ക് വീട്ടില്‍ ലഭ്യമായ വസ്തുക്കള്‍ ഉപയോഗിച്ച് നെഞ്ചെരിച്ചില്‍ അകറ്റാവുന്നതാണ്.

ശര്‍ക്കര – ദഹനം മെച്ചപ്പെടുത്താനും അസിഡിറ്റി കുറയ്ക്കാനും ശര്‍ക്കര സഹായിക്കും. വയറിന് തണുപ്പു നല്‍കുന്നതോടൊപ്പം നെഞ്ചെരിച്ചിലിന്റെ ലക്ഷണങ്ങളെ അകറ്റാനും ശര്‍ക്കര സഹായിക്കുന്നു. ഭക്ഷണ ശേഷം ഒരു ചെറിയ കഷണം ശര്‍ക്കര കഴിക്കാം. ഇത് ഉദരാരോഗ്യം മെച്ചപ്പെടുത്തും.

Leave a Reply

Your email address will not be published. Required fields are marked *