
മലയാള സിനിമയുടെ ബാലാമണിയെ മലയാളികൾ അങ്ങനെയിങ്ങനെയൊന്നും മറക്കില്ല. ഇഷ്ടം എന്ന സിനിമയിലൂടെ മലയാളികളുടെ മനസിലേക്ക് കൂട് കെട്ടിയ ബാലാമണിക്ക് ഇന്ന് മുപ്പത്തിയൊമ്പതാം പിറന്നാളാണ്. ആലപ്പുഴയിലെ ഹരിപ്പാടിനടുത്തുള്ള മുതുകുളത്ത് 1985 ഒക്ടോബർ 14 നാണ് നവ്യ നായർ ജനിച്ചത്. ധന്യ വീണ എന്ന നവ്യ നായര്‍ സ്‌കൂള്‍ കലോത്സവ വേദികളിലൂടെയാണ് സിനിമ ലോകത്തേക്ക് കാലെടുത്തു വയ്ക്കുന്നത്. കലാതിലകം നഷ്ടപ്പെട്ട സമയത്ത് പൊട്ടിക്കരഞ്ഞുകൊണ്ട് അതിനോടു പ്രതികരിച്ച ധന്യയെയാണ് പ്രേക്ഷകര്‍ ആദ്യം കാണുന്നത്.
പിന്നീട് 2001 ല്‍ ഇഷ്ടത്തിലൂടെ സിനിമാലോകത്ത് താരം തന്റെ സാന്നിധ്യമറിയിച്ചു. അഞ്ജന എന്ന നായിക വേഷം ലഭിക്കുമ്പോൾ നവ്യ നായർ ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായിരുന്നു. മഴത്തുള്ളിക്കിലുക്കം, കുഞ്ഞിക്കൂനൻ, കല്യാണരാമൻ, പാണ്ടിപ്പട, ഗ്രാമഫോൺ, പട്ടണത്തിൽ സുന്ദരൻ തുടങ്ങിയ ചിത്രങ്ങളിലും ദിലീപിന്റെ നായികയായി നവ്യ നായർ അഭിനയിച്ചു. എന്നാൽ, നന്ദനം എന്ന സിനിമയായിരുന്നു നവ്യയുടെ സിനിമ ജീവിതത്തെ മാറ്റിമറിച്ചത്. തന്റെ നാലാമത്തെ സിനിമയായ നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രമായി ജീവിച്ച നടിയ്ക്ക് അക്കൊല്ലത്തെ മികച്ച നടിയ്ക്കുള്ള സംസ്ഥാന പുരസ്‌കാരവും ലഭിച്ചു. നവ്യയുടെ സിനിമ ജീവിതത്തെ മാറ്റിമറിച്ച ഒന്നായിരുന്നു നന്ദനം എന്ന സിനിമയും ബാലാമണി എന്ന കഥാപാത്രവും.
മലയാളത്തിൽ പ്രധാനമായും മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവർക്കൊപ്പമാണ് നവ്യ നായർ കൂടുതലായും അഭിനയിച്ചിട്ടുള്ളത്. സൈറ, കണ്ണേ മടങ്ങുക എന്നീ കലാമൂല്യമുള്ള ചിത്രങ്ങളിലും വാണിജ്യ സിനിമകളിലും നവ്യ അഭിനയിച്ചിട്ടുണ്ട്. 2007 ലെ കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ ടൗസ് ലെസ് സിനിമാസ് ഡു മോണ്ടെ എന്ന വിഭാഗത്തിലെ ആദ്യ ചിത്രമായിരുന്നു സൈറ. ഇത് കാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ പ്രദർശിപ്പിച്ച നാലാമത്തെ മലയാളം ചിത്രം കൂടിയായിരുന്നു എന്നതും എടുത്തു പറയണം. അമേരിക്ക, ബ്രസീൽ, ഇസ്രായേൽ, റഷ്യ, ഇറ്റലി, ഗ്രീസ്, സിംബാബ്‌വെ, ബെൽജിയം, ബംഗ്ലാദേശ് തുടങ്ങി 21 അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ സൈറ പ്രദർശിപ്പിച്ചു. കണ്ണേ മടങ്ങുക, സൈറ എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ വീണ്ടും സംസ്ഥാന അവാർഡുകൾ നവ്യയെ തേടിയെത്തി.
അതേസമയം, മലയാള സിനിമയില്‍ സജീവമായ നടി ചില അന്യഭാഷ ചിത്രങ്ങളിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്. അഴകിയ തീയേ എന്ന ചിത്രത്തിലൂടെയാണ് നവ്യയുടെ തമിഴ് സിനിമയിലെ അരങ്ങേറ്റം. എന്നാൽ ഏറ്റവും ശ്രദ്ധേയമായത് 2009-ൽ പുറത്തിറങ്ങിയ തമിഴ് ചിത്രമായ ആടുംകൂത്ത് ആയിരുന്നു. മികച്ച തമിഴ് ചിത്രത്തിനുള്ള ദേശീയ അവാർഡ് നേടിയ ചിത്രത്തിൽ നവ്യ നായർ അവതരിപ്പിച്ച മണിമേഖല എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് ടി വി ചന്ദ്രൻ സിനിമ ഒരുക്കിയത്. നടൻ ദർശനൊപ്പമായിരുന്നു നവ്യ നായരുടെ കന്നഡ അരങ്ങേറ്റ ചിത്രം. കൂടാതെ, നം യജമാനരു, ബോസ് തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങളിലും നവ്യ നായർ ഭാഗമായി.
2010 ല്‍ ആയിരുന്നു സന്തോഷ് എസ് മേനോനുമായുള്ള നവ്യയുടെ വിവാഹം. വിവാഹത്തിന് ശേഷം വലിയൊരു ഇടവേള എടുത്തില്ലെങ്കിലും സിനിമകള്‍ തിരഞ്ഞെടുക്കുന്നത് കുറയുകയായിരുന്നു. ഇപ്പോഴും അഭിനയത്തില്‍ സജീവമായ നടി സെലക്ടീവായി മാത്രമേ സിനിമകള്‍ ചെയ്യുന്നുള്ളൂ. അതേസമയം ടെലിവിഷന്‍ ഷോകളിലും മറ്റ് പരിപാടികളിലും വിധികർത്താവായും മറ്റുമെല്ലാം സജീവമാണ് താരം. എന്നാൽ, നവ്യ എന്ന അഭിനേത്രിക്കൊപ്പം ഇപ്പോള്‍ നവ്യ നായര്‍ എന്ന നര്‍ത്തകിയ്ക്കാണ് താരം കൂടുതല്‍ പ്രാധാന്യം നൽകുന്നത്. എല്ലാ മേഖലകളും കീഴടക്കി മുന്നേറുന്ന മലയാളത്തിന്റെ ബാലാമണിക്ക് മലയാളം മീഡിയ.ലൈവിന്റെ പിറന്നാൾ ആശംസകൾ.