Kerala Government NewsNews

കടമെടുപ്പ് പരിധി വെട്ടിക്കുറയ്ക്കുമെന്ന കേന്ദ്ര ഭീഷണി; ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ മന്ത്രിസഭാ തീരുമാനം

തിരുവനന്തപുരം: സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധി കുറയ്ക്കുമെന്ന കേന്ദ്ര സർക്കാർ വ്യവസ്ഥയെ മറികടക്കാൻ ‘ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട്’ (Guarantee Redemption Fund – GRF) രൂപീകരിക്കാൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. പൊതുമേഖലാ സ്ഥാപനങ്ങൾ എടുക്കുന്ന വായ്പകൾക്ക് സർക്കാർ ഗ്യാരന്റി നിൽക്കുന്നത് മൂലമുണ്ടാകുന്ന സാമ്പത്തിക റിസ്ക് കുറയ്ക്കാൻ ഈ ഫണ്ട് രൂപീകരിക്കണമെന്നത് കേന്ദ്രത്തിന്റെ നിർദ്ദേശമായിരുന്നു. എന്നാൽ, ഇത്തവണ ഇത് സംസ്ഥാനത്തിന്റെ വായ്പാ പരിധിയുമായി ബന്ധിപ്പിച്ചതോടെയാണ് ഫണ്ട് രൂപീകരിക്കാൻ സർക്കാർ നിർബന്ധിതമായത്.

ബുധനാഴ്ച ചേർന്ന മന്ത്രിസഭാ യോഗമാണ് ഫണ്ട് രൂപീകരിക്കാനുള്ള വിജ്ഞാപനം പുറപ്പെടുവിക്കാൻ അനുമതി നൽകിയത്.

കേന്ദ്രത്തിന്റെ പുതിയ വ്യവസ്ഥ

2025-26 സാമ്പത്തിക വർഷത്തെ സംസ്ഥാനങ്ങളുടെ കടമെടുപ്പ് സംബന്ധിച്ച് കേന്ദ്ര ധനകാര്യ വകുപ്പ് പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. ഇതനുസരിച്ച്, റിസർവ് ബാങ്ക് ശുപാർശ ചെയ്ത പ്രകാരമുള്ള നിക്ഷേപം ഗ്യാരന്റി റിഡംപ്ഷൻ ഫണ്ടിൽ 2025 ഏപ്രിൽ 1-നകം നടത്തിയില്ലെങ്കിൽ, ആ തുകയോ അല്ലെങ്കിൽ സംസ്ഥാനത്തിന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (GSDP) 0.25 ശതമാനമോ ഏതാണോ കുറവ്, ആ തുക സംസ്ഥാനത്തിന്റെ ഈ വർഷത്തെ ആകെ കടമെടുപ്പ് പരിധിയിൽ നിന്ന് കുറയ്ക്കുമെന്നായിരുന്നു വ്യവസ്ഥ.

റവന്യൂ കമ്മി നേരിടുന്ന കേരളത്തിന്, കടമെടുത്ത പണം ഉപയോഗിച്ച് മാത്രമേ ഈ ഫണ്ടിൽ നിക്ഷേപം നടത്താൻ സാധിക്കൂ. പുതിയ സാഹചര്യത്തിൽ, സംസ്ഥാനത്തിന്റെ വായ്പാ ലഭ്യതയിൽ കുറവ് വരുന്നത് ഒഴിവാക്കാനാണ് അടിയന്തരമായി ഗ്യാരന്റി റിഡംപ്ഷൻ ഫണ്ട് രൂപീകരിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. പൊതുമേഖലാ സ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന ഗ്യാരന്റിയുടെ 5 ശതമാനം തുക, അഞ്ച് വർഷം കൊണ്ട് ഈ ഫണ്ടിൽ നിക്ഷേപിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം.