
News
നവവരൻ പുഴയിൽ മുങ്ങി മരിച്ചു; വിവാഹം കഴിഞ്ഞിട്ട് പത്ത് ദിവസം മാത്രം
ഭാര്യ വീട്ടിൽ വിരുന്നിനെത്തിയ നവവരൻ പുഴയിൽ മുങ്ങി മരിച്ചു. മലപ്പുറം കോട്ടക്കലിൽ കടലുണ്ടി പുഴയിലാണ് അപകടം. പേരാമ്പ്ര മേപ്പയൂർ വാളിയിൽ മുഹമ്മദ് റോഷൻ (24) ആണ് മരിച്ചത്. ബന്ധുക്കൾക്കും വീട്ടുകാർക്കും ഒപ്പം കടലുണ്ടി പുഴയിൽ കുളിക്കാൻ പോയതായിരുന്നു റോഷൻ. തിങ്കളാഴ്ച ഉച്ചയോടെ കടലുണ്ടി പുഴയിലെ എടരിക്കോട് മഞ്ഞമാട് കടവിലായിരുന്നു അപകടം സംഭവിച്ചത്.
കുളിക്കുന്നതിനിടെ റോഷൻ ഒഴുക്കിൽപെട്ടുപോകുകയായിരുന്നു. തിരച്ചിൽ നടത്തി ഉടനെ റോഷനെ കണ്ടെത്തി കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് മരണത്തിന് കീഴടങ്ങുകയായിരുന്നു. ചുടലപ്പാറ പത്തൂർ ഹംസക്കുട്ടിയുടെ മകൾ റാഹിബയുമായി കഴിഞ്ഞ 21നായിരുന്നു റോഷന്റെ വിവാഹം നടന്നത്.