News

ബലാത്സംഗ കേസിൽ മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ ഹൈക്കോടതിയിൽ; അന്വേഷണം തൃക്കാക്കര എസിപിക്ക്

കൊച്ചി: യുവ ഡോക്ടർ നൽകിയ ബലാത്സംഗ പരാതിയിൽ കുരുക്ക് മുറുകിയതോടെ, മുൻകൂർ ജാമ്യം തേടി റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളി ഹൈക്കോടതിയെ സമീപിച്ചു. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പോലീസ് കേസെടുത്ത സാഹചര്യത്തിലാണ് അറസ്റ്റ് ഒഴിവാക്കാനായി വേടൻ മുൻകൂർ ജാമ്യാപേക്ഷ നൽകിയത്. കേസിന്റെ അന്വേഷണച്ചുമതല തൃക്കാക്കര എസിപിയുടെ മേൽനോട്ടത്തിൽ ഇൻഫോപാർക്ക് എസ്എച്ച്ഒയ്ക്ക് കൈമാറി.

അന്വേഷണം ശക്തമാക്കി പോലീസ്

യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ശക്തമാക്കി. കോഴിക്കോട്ടെയും കൊച്ചിയിലെയും ഫ്ലാറ്റുകളിൽ വെച്ച് അഞ്ച് തവണ പീഡിപ്പിച്ചുവെന്നും, ലഹരി ഉപയോഗിച്ച ശേഷമായിരുന്നു പീഡനമെന്നും യുവതി മൊഴി നൽകിയിട്ടുണ്ട്. ഈ സംഭവങ്ങൾക്ക് സാക്ഷികളായ സുഹൃത്തുക്കളുടെ പേരുവിവരങ്ങളും പോലീസിന് കൈമാറി.

വേടനുമായി യുവതി നടത്തിയ 31,000 രൂപയുടെ സാമ്പത്തിക ഇടപാടുകൾ, അതിന്റെ ജി-പേ വിവരങ്ങൾ അടക്കം പരിശോധിച്ച് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയുടെ രഹസ്യമൊഴിയുടെ പകർപ്പ് ലഭിച്ച ശേഷം, വേടനെ ചോദ്യം ചെയ്യലിനായി വിളിപ്പിക്കാനാണ് പോലീസിന്റെ തീരുമാനം.

വിവാഹ വാഗ്ദാനം നൽകി ശാരീരികമായും സാമ്പത്തികമായും ചൂഷണം ചെയ്തുവെന്ന യുവ ഡോക്ടറുടെ പരാതിയിൽ കഴമ്പുണ്ടെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്. മുൻകൂർ ജാമ്യാപേക്ഷയിൽ ഹൈക്കോടതിയുടെ തീരുമാനം വന്ന ശേഷമാകും വേടന്റെ അറസ്റ്റ് ഉൾപ്പെടെയുള്ള തുടർനടപടികളിലേക്ക് പോലീസ് കടക്കുക.