Kerala Government News

പാമ്പുകളുടെ ആവാസകേന്ദ്രമായി കേരള സെക്രട്ടേറിയറ്റ്; മൂന്ന് ദിവസത്തിൽ മൂന്ന് പാമ്പുകൾ

സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ പാമ്പ് ശല്യം വർദ്ധിക്കുന്നു. മൂന്ന് ദിവസത്തിൽ മൂന്ന് പാമ്പുകളുടെ മുന്നിലാണ് ജീവനക്കാർ പെട്ടത്. ഇന്ന് രാവിലെ പത്തേകാലോടെയാണ് പൊതുമരാമത്ത് ഇലക്ട്രിക്കൽ വിഭാഗം അസി.എഞ്ചിനീയറുടെ ആഫീസിൽ പാമ്പിനെ കണ്ടത്. ഇതോടെ ജീവനക്കാർ പരിഭ്രാന്തരായി. ഹെൽത്ത് ഇൻസ്‌പെക്ടറുടെ നേതൃത്യത്തിൽ എത്തിയ ജീവനക്കാർ പാമ്പിനെ അടിച്ചു കൊന്നു.

പിന്നീട് ഉച്ചയ്ക്ക് ശേഷം രണ്ടര മണിയോടെ ജല വിഭവ വകുപ്പിൽ വീണ്ടും പാമ്പിനെ കണ്ടു. അവിടെ നിന്നും മുകൾ നിലയിലെ സഹകരണ വകുപ്പ് അഡീഷണൽ സെക്രട്ടറിയുടെ ഓഫീസിലേക്ക് കയറിപ്പോകുന്ന വഴിയിലെ ഇലക്ട്രിക്കൽ പൈപ്പ് ലൈനിലാണ് പാമ്പിനെ കണ്ടത്. ഒന്നര മണിക്കൂർ നേരത്തെ പരിശ്രമത്തിന് ശേഷം ഹൗസ് കീപ്പിംഗ് വകുപ്പ് ഏർപ്പാട് ചെയ്ത പാമ്പ് പിടിത്തക്കാരനാണ് പാമ്പിനെ പിടികൂടിയത്. ശനിയാഴ്ച പാമ്പിനെ കണ്ട അതേ വകുപ്പിൽ തന്നെയാണ്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷവും പാമ്പിനെ കണ്ടത്.

ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ

ഇടതുഭരണത്തിൽ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി സെക്രട്ടേറിയറ്റ് മാറിയെന്ന് കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എം എസ് ഇർഷാദും ജനറൽ സെക്രട്ടറി കെ പി പുരുഷോത്തമനും അഭിപ്രായപ്പെട്ടു.
മൂന്ന് ദിവസത്തിനുള്ളിൽ മൂന്ന് പാമ്പുകളെയാണ് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ കണ്ടത്. അതും പൈതൃക സംരക്ഷണ കെട്ടിടമായ പഴയ നിയമസഭാ മന്ദിരത്തിൽ.

ചൊവ്വാഴ്ച രാവിലെ പത്തേകാലോടെയാണ് പൊതുമരാമത്ത് ഇലക്ട്രിക്കൽ സെക്ഷനുള്ളിൽ പാമ്പിനെ ജീവനക്കാർ തല്ലിക്കൊന്നത്. നാല് മണിക്കൂറിനുള്ളിൽ കേവലം മുപ്പതു മീറ്റർ മാത്രം അകലെയുള്ള ജലവിഭവ വകുപ്പിൽ പാമ്പിനെ കണ്ടത്. മാലിന്യം യഥാവിധി നീക്കം ചെയ്യുന്നതിൽ അധികൃതർ പരാജയപ്പെട്ടുവെന്നും അതുകൊണ്ടാണ് ഇത്തരത്തിലൊരവസ്ഥയിൽ എത്തിപ്പെട്ടതെന്നും ജീവനക്കാർ ആശങ്കയുടെയും ഭയപ്പാടിന്റെയും മുൾമുനയിലാണെന്നും അടിയന്തരമായി പരിഹാര നടപടികൾ ആരംഭിക്കണമെന്നും അസോസിയേഷൻ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *