Kerala Government News

ക്ഷാമബത്ത ഉത്തരവ് ഉടൻ ഇറങ്ങും! 39 മാസത്തെ കുടിശിക കെ.എൻ. ബാലഗോപാൽ അനുവദിക്കുമോ?

ക്ഷാമബത്ത ഉത്തരവ് ഉടൻ ഇറങ്ങും. 3 ശതമാനം ക്ഷാമബത്ത ഏപ്രിലിലെ ശമ്പളത്തോടൊപ്പം അനുവദിക്കും എന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ബജറ്റിൽ പ്രഖ്യാപിച്ചിരുന്നു.

ധന വകുപ്പിൽ നിന്ന് ക്ഷാമബത്ത അനുവദിക്കുന്ന ഉത്തരവ് ഇറക്കണം. ഇതുമായി ബന്ധപ്പെട്ട ഫയൽ ധനകാര്യ മന്ത്രിയുടെ ഓഫിസിൽ എത്തി.ധനകാര്യ മന്ത്രിയുടെ അനുമതി ലഭിച്ചാലുടൻ ക്ഷാമബത്ത ഉത്തരവ് പുറത്തിറങ്ങും. 2022 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്തയാണ് ജീവനക്കാർക്ക് ഏപ്രിലിൽ ലഭിക്കുന്നത്.

2022 ജനുവരി മുതൽ 2025 മാർച്ച് വരെയുള്ള 39 മാസത്തെ കുടിശികയും ഇതിനോടൊപ്പം ജീവനക്കാർക്ക് ലഭിക്കേണ്ടതാണ്. അർഹതപ്പെട്ട 39 മാസത്തെ കുടിശിക ലഭിക്കുമോയെന്ന ആശങ്കയിലാണ് ജീവനക്കാർ. കെ.എൻ ബാലഗോപാൽ ധനമന്ത്രിയായതിന് ശേഷം ക്ഷാമബത്ത അനുവദിക്കുമ്പോൾ അർഹതപ്പെട്ട കുടിശിക ഉത്തരവിൽ അനുവദിക്കാറില്ല. ഇതാണ് ജീവനക്കാരുടെ ആശങ്കയ്ക്ക് കാരണം.

2021 ജനുവരിയിലേയും ജൂലൈയിലേയും ക്ഷാമബത്ത 2024 ൽ ആണ് ബാലഗോപാൽ നൽകിയത്. അർഹതപ്പെട്ട 78 മാസത്തെ കുടിശികയാണ് ജീവനക്കാർക്ക് 2021 ലെ ക്ഷാമബത്ത 2024 ൽ നൽകിയപ്പോൾ നഷ്ടപ്പെട്ടത്.

ഈ കുടിശിക എന്ന് കിട്ടും എന്ന് യാതൊരു ഉറപ്പും ഇല്ല.ജീവനക്കാരുടെ ക്ഷാമബത്തയോടൊപ്പം പെൻഷൻകാരുടെ ക്ഷാമ ആശ്വാസവും വർദ്ധിപ്പിക്കും. 3 ശതമാനം ആണ് ക്ഷാമ ആശ്വാസത്തിൽ വർധന ഉണ്ടാകുന്നത്. ക്ഷാമബത്ത ഉത്തരവിറങ്ങുമ്പോൾ കുടിശിക കിട്ടുമോ എന്ന ആകാംക്ഷയിലാണ് പെൻഷൻകാരും.

നിലവിൽ 6 ഗഡു ക്ഷാമബത്ത, ക്ഷാമ ആശ്വാസം കുടിശികയാണ്. കേന്ദ്രം 2025 ജനുവരി പ്രാബല്യത്തിലെ ക്ഷാമബത്ത ഈ മാസം പ്രഖ്യാപിക്കും. ഇതോടെ കേരളത്തിൽ ക്ഷാമബത്ത ഉത്തരവ് ഇറങ്ങിയാലും കുടിശിക 6 ഗഡുക്കൾ ആയി തുടരും.