
മുംബൈ: ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ എക്കാലത്തെയും ജനപ്രിയ പരമ്പരകളിലൊന്നായ ‘ക്യൂംകി സാസ് ഭി കഭി ബഹു ഥി’ 25 വർഷങ്ങൾക്ക് ശേഷം പുതിയ ഭാവത്തിൽ തിരിച്ചുവരുന്നു. മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനിക്ക് രാജ്യവ്യാപകമായി പ്രശസ്തി നേടിക്കൊടുത്ത ‘തുളസി വിരാനി’ എന്ന ഐക്കോണിക് കഥാപാത്രമായി അവർ വീണ്ടും എത്തുമ്പോൾ, പരമ്പരയുടെ പ്രൊമോ നിർമ്മാതാക്കൾ പുറത്തുവിട്ടു. 15 വര്‍ഷത്തിന് ശേഷമാണ് സ്മൃതി അഭിനയത്തിലേക്ക് തിരികെയെത്തുന്നത്.
ജൂലൈ 29 മുതൽ രാത്രി 10.30-ന് സ്റ്റാർ പ്ലസിലും ജിയോ ഹോട്ട്സ്റ്റാറിലുമാണ് പരമ്പര സംപ്രേക്ഷണം ചെയ്യുക. സ്മൃതി ഇറാനി, ഏക്താ കപൂർ, സ്റ്റാർ പ്ലസ്, ജിയോ ഹോട്ട്സ്റ്റാർ എന്നിവർ തങ്ങളുടെ സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ പ്രൊമോ വീഡിയോ പങ്കുവെച്ചിട്ടുണ്ട്.
യഥാർത്ഥ പരമ്പരയുടെ തനിമ നിലനിർത്തിക്കൊണ്ട് തന്നെ, പുതിയ കാലത്തെ യുവപ്രേക്ഷകർക്ക് കൂടി ഇഷ്ടപ്പെടുന്ന രീതിയിലായിരിക്കും ‘ക്യൂംകി സാസ് ഭി കഭി ബഹു ഥി 2’ ഒരുക്കുകയെന്ന് ഏക്താ കപൂർ അറിയിച്ചു. സ്മൃതി ഇറാനിക്കും അമർ ഉപാധ്യായക്കും പുറമെ, ഹിതൻ തേജസ്വാനിയും ഭാര്യ ഗൗരി പ്രധാനും പുതിയ സീസണിന്റെ ഭാഗമാകും.
പ്രൊമോയിൽ പറയുന്നത്
ഒരു ധാബയിൽ ഒരു കുടുംബം ഭക്ഷണം കഴിക്കുന്നതിനിടെ, ടിവിയിൽ ‘ക്യൂംകി സാസ് ഭി കഭി ബഹു ഥി’യുടെ ടൈറ്റിൽ ഗാനം കേൾക്കുന്നിടത്താണ് പ്രൊമോ ആരംഭിക്കുന്നത്. തുടർന്ന്, സ്മൃതി ഇറാനിയുടെ രാഷ്ട്രീയ തിരക്കുകളെക്കുറിച്ചും, പരമ്പരയിലേക്ക് മടങ്ങിവരുമോ എന്നതിനെക്കുറിച്ചും അവർ ചർച്ച ചെയ്യുന്നു.
പിന്നീട്, തുളസി ചെടിക്ക് വെള്ളമൊഴിച്ചുകൊണ്ട് സ്മൃതി ഇറാനി തുളസി വിരാനിയായി പ്രത്യക്ഷപ്പെടുന്നു. “തീർച്ചയായും വരും. കാരണം നമ്മുടേത് 25 വർഷത്തെ ബന്ധമാണ്. നിങ്ങളെ വീണ്ടും കാണാൻ സമയമായി,” എന്ന് പറഞ്ഞുകൊണ്ട് അവർ കൈകൾ കൂപ്പുന്നു.
2000 മുതല്‍ 2008 വരെയാണ് ‘ക്യുങ്കി സാസ് ഭി കഭി ബഹു ഥി’ ടെലിവിഷനില്‍ സംപ്രേഷണം ചെയ്തത്. അമിതാഭ് ബച്ചന്‍ അവതാരകനായ ‘കോന്‍ ബനേഗാ ക്രോര്‍പതി’യോടൊപ്പം ആരംഭിച്ച ഈ ഷോ ഏഴ് വര്‍ഷത്തോളം ടിആര്‍പി ചാര്‍ട്ടുകളില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ പരമ്പരയിലൂടെ ഇന്ത്യന്‍ ടെലിവിഷന്‍ അക്കാദമി അവാര്‍ഡുകളില്‍ നിന്ന് മികച്ച നടി – ജനപ്രിയ വിഭാഗത്തില്‍ സ്മൃതി തുടര്‍ച്ചയായി അഞ്ച് അവാര്‍ഡുകളും രണ്ട് ഇന്ത്യന്‍ ടെലി അവാര്‍ഡുകളും നേടി.