
രാജസ്ഥാനിലെ കോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ഡോക്ടർമാർ 70 വയസ്സുള്ള ഒരു വൃദ്ധന്റെ വയറ്റിൽ നിന്ന് 6000-ത്തോളം കല്ലുകൾ നീക്കം ചെയ്തു. ബുണ്ടി ജില്ലയിൽ പദംപുര സ്വദേശിയായ വയോധികൻ കഴിഞ്ഞ 18 മാസമായി വയറുവേദന, ഗ്യാസ്, ഛർദ്ദി തുടങ്ങിയ പ്രശ്‌നങ്ങളാൽ ബുദ്ധിമുട്ടിയിരുന്നു.
ആരോഗ്യനില വഷളായപ്പോൾ സെപ്തംബർ ആറിന് അദ്ദേഹത്തെ സോണോഗ്രാഫിക്ക് വിധേയനാക്കി. പരിശോധനയിൽ കണ്ടെത്തിയത് പിത്തസഞ്ചിയിൽ പിത്തരസം ഇല്ലെന്നും അതിന്റെ വലിപ്പം 12×4 സെൻ്റിമീറ്ററാണെന്നും കണ്ടെത്തി. പിത്തസഞ്ചി മുഴുവനായും കല്ലുകൾ കൊണ്ട് നിറയുകയും ഇരട്ടി വലിപ്പമായതായും കണ്ടെത്തി. സാധാരണയായി പിത്തസഞ്ചിയുടെ വലിപ്പം ഏകദേശം 7×4 സെൻ്റിമീറ്ററാണ്.
ലാപ്രോസ്കോപ്പിക് സർജൻ ഡോ. ദിനേശ് കുമാറിന്റെ നേതൃത്വത്തിലുള്ള വിദഗ്ധ ഡോക്ടർമാരുടെ സംഘം, ആറ് മണിക്കൂർ നീണ്ട ശസ്ത്രക്രിയയിലൂടെ പിത്തസഞ്ചി പൂര്‍ണമായും നീക്കം ചെയ്യാൻ സാധിച്ചു. “നീക്കം ചെയ്തില്ലെങ്കിൽ പാൻക്രിയാസ് വീക്കം, മഞ്ഞപ്പിത്തം, ക്യാൻസർ പോലുള്ള ഗുരുതര പ്രശ്‌നങ്ങൾക്ക് സാധ്യതയുണ്ടായിരുന്നു,” എന്ന് ഡോ. ദിനേശ് വ്യക്തമാക്കി.