
കണ്ണീരോടെ കാത്തിരിപ്പ്; അഹമ്മദാബാദ് വിമാന ദുരന്തത്തിൽ മരിച്ച രഞ്ജിതയുടെ മൃതദേഹം എന്ന് കിട്ടും? ഡിഎൻഎ ഫലം വൈകുന്നു
പത്തനംതിട്ട: അഹമ്മദാബാദിലുണ്ടായ എയർ ഇന്ത്യ വിമാന ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ട പുള്ളാട് സ്വദേശിനി രഞ്ജിത ഗോപകുമാരൻ നായരുടെ (39) മൃതദേഹത്തിനായി കണ്ണീരോടെ കാത്തിരിക്കുകയാണ് ഒരു നാട് മുഴുവൻ. ദുരന്തം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും, ഡിഎൻഎ പരിശോധനാ ഫലം വൈകുന്നതാണ് മൃതദേഹം നാട്ടിലെത്തിക്കുന്നതിന് തടസ്സമാകുന്നത്. ഇതോടെ, രഞ്ജിതയുടെ കുടുംബത്തിന്റെ ദുഃഖത്തിന് ആഴമേറുകയാണ്.
മന്ത്രി സജി ചെറിയാൻ വ്യാഴാഴ്ച പുള്ളാട്ടെ കുടുംബ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഡിഎൻഎ ഫലം ലഭിച്ചാലുടൻ മൃതദേഹം നാട്ടിലെത്തിക്കാനുള്ള എല്ലാ സർക്കാർ സഹായവും അദ്ദേഹം വാഗ്ദാനം ചെയ്തു.
രഞ്ജിതയുടെ സഹോദരൻ രതീഷ് ജി. നായർ ഡിഎൻഎ സാമ്പിൾ നൽകി അഹമ്മദാബാദിൽ തുടരുകയാണ്. നൂറുകണക്കിന് മൃതദേഹങ്ങൾ തിരിച്ചറിയാനുള്ളതുകൊണ്ടുള്ള കാലതാമസമാണ് നടപടികൾ വൈകാൻ കാരണമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ പറഞ്ഞു. ഫലം വരാൻ ഇനിയും ദിവസങ്ങളെടുത്തേക്കാമെന്നാണ് വിവരം.
കഴിഞ്ഞ ഒരു വർഷമായി യുകെയിൽ നഴ്സായി ജോലി ചെയ്തുവരികയായിരുന്നു രഞ്ജിത. കേരളത്തിലെ സർക്കാർ ജോലി പുതുക്കുന്നതിനുള്ള നടപടികൾ പൂർത്തിയാക്കി മടങ്ങുന്നതിനിടെയാണ് ദുരന്തം സംഭവിച്ചത്. അഞ്ച് വർഷം മുൻപ് പത്തനംതിട്ട ജനറൽ ആശുപത്രിയിലും രഞ്ജിതയ്ക്ക് നിയമനം ലഭിച്ചിരുന്നു.
നാട്ടിൽ പുതിയൊരു വീട് പണിത് കുടുംബത്തോടൊപ്പം സ്ഥിരതാമസമാക്കാനുള്ള സ്വപ്നങ്ങൾ ബാക്കിയാക്കിയാണ് രഞ്ജിത യാത്രയായത്. പത്താം ക്ലാസ് വിദ്യാർത്ഥിയായ ഇന്ദുചൂഡൻ, മൂന്നാം ക്ലാസുകാരിയായ ഇധിക എന്നിവരാണ് മക്കൾ. അമ്മ തുളസിയും മക്കളും അടങ്ങുന്ന കുടുംബത്തിന്റെ അത്താണിയായിരുന്നു രഞ്ജിത. പ്രിയപ്പെട്ടവൾക്ക് അന്ത്യയാത്ര നൽകാൻ ഒരു നോക്ക് കാണാനാവാതെ കാത്തിരിക്കുകയാണ് ഈ കുടുംബവും ഒരു നാടും.
പന്തളത്ത് നിന്ന് നഴ്സിംഗ് പഠനം പൂർത്തിയാക്കിയ രഞ്ജിത, ഗുജറാത്തിലും ഒമാനിലും ജോലി ചെയ്ത ശേഷമാണ് യുകെയിലേക്ക് പോയത്. ജൂൺ 11-ന് തിരുവല്ലയിൽ നിന്ന് എറണാകുളത്തേക്കും, അവിടെ നിന്ന് ചെന്നൈ വഴി അഹമ്മദാബാദിലേക്കും യാത്ര ചെയ്താണ് രഞ്ജിത ദുരന്തത്തിൽപ്പെട്ട ലണ്ടൻ വിമാനത്തിൽ കയറിയത്.