
സമഗ്ര ശിക്ഷാ കേരളം പദ്ധതിയിലെ സെക്രട്ടേറിയറ്റ് ജീവനക്കാരുടെ നിയമനം റദ്ദാക്കി
സമഗ്ര ശിക്ഷാ കേരളം പദ്ധതിയിൽ ഒഴിവു വന്ന ജില്ലാതല അക്കൗണ്ട്‌സ് ഓഫീസർ തസ്തികകളിൽ നിയമിക്കപ്പെട്ട ആറ് സെക്രട്ടേറിയറ്റ് ജീവനക്കാരെ രണ്ടു മാസത്തെ സേവനത്തിനുശേഷം തിരികെ വിളിച്ചു.
വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാരുടെ കടുത്ത എതിർപ്പിനെത്തുടർന്നാണു തിരുവനന്തപുരത്തേക്ക് ഇവരെ മടക്കിവിളിച്ചത്.
പൊതുഭരണ വകുപ്പിൽ അണ്ടർ സെക്രട്ടറി തലത്തിലുള്ള ജീവനക്കാരെ കാസർഗോഡ്, കണ്ണൂർ, എറണാകുളം, ഇടുക്കി, ആലപ്പുഴ, തിരുവനന്തപുരം എന്നീ ജില്ലകളിലെ എസ്എസ്‌കെ അക്കൗണ്ടൻറ് തസ്തികയിൽ കഴിഞ്ഞ ജൂലൈയിലാണു നിയമിച്ചത്. ഇതിനെതിരേ എസ്എസ്‌കെയുടെ ജില്ലാ ഓഫീസുകൾക്കു മുന്നിൽ വിവിധ സംഘടനകൾ തുടർച്ചയായി പ്രതിഷേധസമരം നടത്തിയിരുന്നു.
വിദ്യാഭ്യാസ വകുപ്പിലെ പ്രമോഷൻ സാധ്യതയുള്ള തസ്തികകൾ മറ്റു സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തട്ടിയെടുക്കുന്നതായാണ് ആക്ഷേപം.
ഓഗസ്റ്റിൽ ആലുവയിൽ നടന്ന കേരള വിദ്യാഭ്യാസ വകുപ്പ് മിനിസ്റ്റീരിയൽ സ്റ്റാഫ് യൂണിയൻറെ പ്രധാന ആവശ്യവും മറ്റു വകുപ്പിൽനിന്ന് വരുന്ന ജീവനക്കാരെ തിരിച്ചയയ്ക്കണം എന്നതായിരുന്നു.
ഓൺലൈൻ സംവിധാനത്തിലേക്കു മാറ്റാതെ ഇഷ്ടക്കാർക്ക് അനധികൃതമായി സ്ഥലംമാറ്റം നൽകുന്നതായും യൂണിയൻ ആരോപിച്ചിരുന്നു. 2017 മുതൽ വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകർക്ക് അടക്കം എല്ലാ വകുപ്പിലും സ്ഥലംമാറ്റം ഓൺലൈനാക്കിയിട്ടും വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാർക്ക് നീതി നിഷേധിക്കുന്നതായാണു പരാതി. ഇതിൻറെ മറവിൽ പത്തുവർഷത്തിലധികം തുടർച്ചയായി തസ്തികയിൽ തുടരുന്നതായും യൂണിയൻ നേതാക്കൾ ആരോപിച്ചു.