
കൊച്ചി: സുരേഷ് ഗോപി ചിത്രം ‘ജെഎസ്കെ’യെച്ചൊല്ലിയുള്ള സെൻസർ ബോർഡ് തർക്കത്തിന് ശുഭപര്യവസാനം. സിനിമയുടെ പേര് ‘ജാനകി വി.’ എന്നാക്കി മാറ്റാമെന്നും, ഒരു സംഭാഷണം ഒഴിവാക്കാമെന്നുമുള്ള സെൻസർ ബോർഡിന്റെ ഒത്തുതീർപ്പ് വ്യവസ്ഥ നിർമ്മാതാക്കൾ അംഗീകരിച്ചു. ഹൈക്കോടതിയിലാണ് നിർമ്മാതാക്കൾ ഈ തീരുമാനം അറിയിച്ചത്. ഇതോടെ ചിത്രത്തിന്റെ റിലീസിനുള്ള വഴിതെളിഞ്ഞു. വരുന്ന വെള്ളിയാഴ്ച (ജൂലൈ 18) ചിത്രം തിയേറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവർത്തകരുടെ ശ്രമം.
നേരത്തെ സിനിമയിൽ 96 കട്ടുകൾ വേണമെന്ന് ആവശ്യപ്പെട്ട സെൻസർ ബോർഡ്, ഹൈക്കോടതിയുടെ ഇടപെടലിനെത്തുടർന്ന് നിലപാട് മയപ്പെടുത്തുകയായിരുന്നു. സിനിമയുടെ പേരിനൊപ്പം കഥാപാത്രത്തിന്റെ ഇനീഷ്യൽ ചേർക്കുക, ഒരു കോടതി രംഗത്തിലെ സംഭാഷണം ഒഴിവാക്കുക എന്നീ രണ്ട് മാറ്റങ്ങൾ മാത്രം മതിയെന്നായിരുന്നു ബോർഡിന്റെ പുതിയ നിർദ്ദേശം.
“കേസുമായി മുന്നോട്ട് പോയാൽ വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നു. എന്നാൽ അപ്പീൽ നടപടികളിലൂടെ സിനിമയുടെ റിലീസ് വീണ്ടും വൈകുന്നത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കും. ഒടിടി കരാറുകളെയും അത് ബാധിക്കും. ഈ സാഹചര്യത്തിലാണ് ഒത്തുതീർപ്പിന് തയ്യാറായത്,” നിർമ്മാതാക്കളുടെ അഭിഭാഷകൻ അഡ്വ. ഹാരിസ് ബീരാൻ പറഞ്ഞു. സെൻസർ ബോർഡിന്റെ ആദ്യത്തെ വാദങ്ങൾ പരിഹാസ്യമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കോടതി നിർദ്ദേശപ്രകാരം, എഡിറ്റ് ചെയ്ത പുതിയ പതിപ്പ് 24 മണിക്കൂറിനകം സെൻസർ ബോർഡിന് സമർപ്പിക്കും. പുതിയ പതിപ്പ് ലഭിച്ച് മൂന്ന് ദിവസത്തിനകം സർട്ടിഫിക്കറ്റ് നൽകാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. ഇത് പ്രകാരം സർട്ടിഫിക്കറ്റ് അടുത്ത ചൊവ്വാഴ്ചയോടെ ലഭിക്കുകയും, ചിത്രം വെള്ളിയാഴ്ച തിയേറ്ററുകളിലെത്തിക്കാനുമാണ് നിർമ്മാതാക്കളുടെ ശ്രമം.