CrimeKeralaNews

എക്സൈസ് സംഘത്തെ കണ്ട് ഭയന്ന് പുഴയില്‍ ചാടിയ 17-കാരൻെറ മൃതദേഹം കണ്ടെത്തി

ചെർപ്പുളശ്ശേരി(പാലക്കാട്): വല്ലപ്പുഴ സ്വദേശി കളത്തില്‍ ഷംസുവിൻെറ മകൻ സുഹൈറിൻെറ മൃതദേഹമാണ് തൂതപ്പുഴയില്‍നിന്ന് കണ്ടെത്തിയത്.ഞായറാഴ്ച രാവിലെ ചുണ്ടമ്ബറ്റ നാട്യമംഗലം ഭാഗത്തുനിന്നാണ് മൃതദേഹം കിട്ടിയത്.

വെള്ളിയാഴ്ച വൈകീട്ടാണ് കുലുക്കല്ലൂർ ആനക്കല്‍ നരിമടയ്ക്ക് സമീപത്തുവെച്ച്‌ സുഹൈർ പുഴയില്‍ ചാടിയത്. എക്സൈസ് സംഘത്തിനെ വരവറിഞ്ഞ് ചിതറിയോടിയ സംഘത്തിലുണ്ടായിരുന്ന ഇയാള്‍ പുഴയില്‍ ചാടിയിരുന്നെന്ന സുഹൃത്തിൻെറ മൊഴിയുടെ അടിസ്ഥാനത്തിലാണ് തിരച്ചില്‍ നടത്തിയത്.

വീട്ടുകാരുടെ പരാതിയെത്തുടർന്ന് പട്ടാമ്പി അഗ്നിരക്ഷാസേനയും പാലക്കാട്ടുനിന്നുള്ള അഗ്നിരക്ഷാസേനയുടെ മുങ്ങല്‍വിദഗ്ധരും ശനിയാഴ്ച രാവിലെ 7.30 മുതല്‍ വൈകിട്ട് 5.30 വരെ പുഴയില്‍ തിരച്ചില്‍ നടത്തിയെങ്കിലും സുഹൈറിനെ കണ്ടെത്താനായിരുന്നില്ല. പുഴയില്‍ തണുപ്പുകൂടിയതിനാല്‍ ശനിയാഴ്ച വൈകീട്ടോടെ തിരച്ചില്‍ നിർത്തിയിരുന്നു. തുടർന്ന് ഞായറാഴ്ച രാവിലെയാണ് മൃതദേഹം കിട്ടിയത്.

വെള്ളിയാഴ്ച വൈകിട്ട് സുഹൈർ ഉള്‍പ്പെടെ എട്ടുപേർ ആനക്കല്‍ നരിമട ഭാഗത്ത് നില്‍ക്കുകയായിരുന്നു. ഇതിനിടെ പട്ടാമ്പി റേഞ്ച് എക്സൈസ് സംഘം പെട്രോളിങ്ങിനെത്തിയിരുന്നു. ഇതുകണ്ട് ഇവർ ചിതറിയോടി. ഇവരില്‍ നാലുപേർക്കെതിരേ എക്സൈസ് കേസെടുത്തു. ഇതിനിടെ പുഴയില്‍ ചാടി നീന്തിയെത്തിയ യുവാവാണ് സുഹൃത്തായ സുഹൈർ പുഴയില്‍ ചാടിയിരുന്നെന്ന് രാത്രി 10 മണിയോടെ വീട്ടുകാരെ അറിയിച്ചത്. ശനിയാഴ്ച രാവിലെയും കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന് വീട്ടുകാർ ചെർപ്പുളശ്ശേരി പോലീസില്‍ പരാതി നല്‍കുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *