
തൃശൂർ: തൃത്തല്ലൂരിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനെ സഹപ്രവർത്തകൻ കൊലപ്പെടുത്തി. പത്തനംതിട്ട അടൂർ സ്വദേശി അനിൽകുമാർ ആണ് കൊല്ലപ്പെട്ടത്. സഹപ്രവർത്തകനായ കോട്ടയം കാഞ്ഞിരപ്പിള്ളി സ്വദേശി ഷാജു ചാക്കോയെ വാടാനപ്പിള്ളി പൊലീസ് പിടികൂടി. മദ്യപാനത്തിനിടെ ഉണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് കൊലപാതകം. ഷാജുവും അനില്‍കുമാമാറും ഒരേ സ്ഥാപനത്തിലെ ജീവനക്കാരാണ്.
ഇരുവരും തമ്മില്‍ കെട്ടിടത്തിന്റെ മുകളിലിരുന്ന് മദ്യപിക്കുകയായിരുന്നു. ഇതിനിടയിലാണ് തര്‍ക്കമുണ്ടായത്. തുടര്‍ന്ന് അനില്‍ കുമാറിനെ ഷാജു കെട്ടിടത്തിന് മുകളില്‍ നിന്ന് തള്ളിയിട്ടു. താഴെയെത്തി അനില്‍കുമാറിന്റെ തലയില്‍ കല്ലുകൊണ്ടടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.
കൊലപാതക വിവരം ഷാജു തന്നെയാണ് കെട്ടിട ഉടമയെ വിളിച്ച് അറിയിച്ചത്. കെട്ടിട ഉടമ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. അനില്‍കുമാറിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തി വരികയാണ്.