Kerala Government NewsNews

ഉപതിരഞ്ഞെടുപ്പില്ല, ക്ഷേമ പെൻഷനുമില്ല; ഉത്തരവിറക്കാതെ സർക്കാർ, കാത്തിരിപ്പുമായി ലക്ഷങ്ങൾ

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സാധാരണക്കാർക്ക് ആശ്രയമായ ക്ഷേമ പെൻഷൻ ഈ മാസവും അനിശ്ചിതത്വത്തിൽ. ജൂലൈ മാസം 20 ദിവസം പിന്നിട്ടിട്ടും, പെൻഷൻ വിതരണം എന്ന് ആരംഭിക്കുമെന്ന കാര്യത്തിൽ ഒരു വ്യക്തതയുമില്ല. വിതരണത്തിനുള്ള സർക്കാർ ഉത്തരവ് പോലും ഇതുവരെ പുറത്തിറക്കിയിട്ടില്ല. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് ജൂൺ മാസത്തെ പെൻഷൻ കൃത്യമായി പ്രഖ്യാപിച്ച സർക്കാർ, ഇപ്പോൾ തിരഞ്ഞെടുപ്പുകളൊന്നും ഇല്ലാത്തതുകൊണ്ടാണോ ഈ അവഗണനയെന്ന ആക്ഷേപം ശക്തമാണ്.

തിരഞ്ഞെടുപ്പും പെൻഷൻ പ്രഖ്യാപനവും

ജൂൺ മാസത്തെ ക്ഷേമ പെൻഷൻ ജൂൺ 20 മുതൽ വിതരണം ചെയ്യുമെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ ജൂൺ 16-ന് ഫേസ്ബുക്ക് വഴി പ്രഖ്യാപിച്ചിരുന്നു. ജൂൺ 19-ന് നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയായിരുന്നു ഈ പ്രഖ്യാപനം. എന്നാൽ, വോട്ടെടുപ്പ് കഴിഞ്ഞതോടെ, 20-ന് വിതരണം ചെയ്യുമെന്ന് പറഞ്ഞ പെൻഷന്റെ ഉത്തരവ് പോലും സർക്കാർ പുറത്തിറക്കിയില്ല. സംഭവം വിവാദമായതിന് ശേഷം, ഏറെ വൈകിയാണ് ഉത്തരവിറങ്ങിയതും പെൻഷൻ വിതരണം ആരംഭിച്ചതും.

ഇനി കടമെടുത്തിട്ട് വേണം പെൻഷൻ

ഈ മാസത്തെ ക്ഷേമ പെൻഷൻ വിതരണം ചെയ്യാനായി, ജൂലൈ 22-ന് സർക്കാർ 1000 കോടി രൂപ കടമെടുക്കുന്നുണ്ട്. ഈ പണം ലഭിച്ചതിന് ശേഷമായിരിക്കും പെൻഷൻ വിതരണം ആരംഭിക്കുക. ശമ്പളം, പെൻഷൻ, ക്ഷേമ പെൻഷൻ തുടങ്ങിയ അടിസ്ഥാന ചെലവുകൾക്ക് പോലും കടമെടുക്കേണ്ട ഗതികേടിലാണ് സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി.

അടുത്ത കാലത്തൊന്നും തിരഞ്ഞെടുപ്പുകൾ വരാനില്ലാത്തതുകൊണ്ടാണ് ധനവകുപ്പും ധനമന്ത്രിയും ഈ വിഷയത്തിൽ മൗനം പാലിക്കുന്നതെന്ന വിമർശനമാണ് പ്രതിപക്ഷവും സാമൂഹ്യ പ്രവർത്തകരും ഉയർത്തുന്നത്.