
കൃഷ്ണകുമാറിനും മകൾ ദിയയ്ക്കും ആശ്വാസം; തട്ടിക്കൊണ്ടുപോകൽ കേസിൽ മുൻകൂർ ജാമ്യം; ജീവനക്കാരുടെ ജാമ്യാപേക്ഷ തള്ളി
തിരുവനന്തപുരം: തട്ടിക്കൊണ്ടുപോകൽ, ജാതി അധിക്ഷേപം തുടങ്ങിയ ഗുരുതര ആരോപണങ്ങൾ നേരിട്ട കേസിൽ നടൻ കൃഷ്ണകുമാറിനും മകൾ ദിയ കൃഷ്ണയ്ക്കും തിരുവനന്തപുരം സെഷൻസ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചു.
തട്ടിക്കൊണ്ടു പോയി പണം തട്ടിയതിന് തെളിവില്ലെന്ന പോലീസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതിയുടെ നടപടി. അതേസമയം, ദിയയുടെ സ്ഥാപനത്തിൽ നിന്ന് 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസിൽ മുൻ ജീവനക്കാരികൾ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളുകയും ചെയ്തു.
കൃഷ്ണകുമാറിനും ദിയയ്ക്കും ആശ്വാസം
ദിയയുടെ സ്ഥാപനത്തിലെ മുൻ ജീവനക്കാരികളായ യുവതികളാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ പരാതി നൽകിയത്. തട്ടിക്കൊണ്ടു പോകൽ, വധഭീഷണി, ജാതി അധിക്ഷേപം, സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടെ സംസാരിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് പോലീസ് കേസെടുത്തിരുന്നത്.
എന്നാൽ, തട്ടിക്കൊണ്ടുപോയി പണം തട്ടി എന്ന ആരോപണത്തിന് യാതൊരു തെളിവും കണ്ടെത്താനായില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഇത് പരിഗണിച്ചാണ് കോടതി ഇരുവർക്കും മുൻകൂർ ജാമ്യം അനുവദിച്ചത്.
ജീവനക്കാർക്ക് തിരിച്ചടി
ദിയയുടെ സ്ഥാപനത്തിലെ ക്യുആർ കോഡിന് പകരം സ്വന്തം അക്കൗണ്ടിന്റെ ക്യുആർ കോഡ് ഉപയോഗിച്ച് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നതായിരുന്നു കൃഷ്ണകുമാർ നൽകിയ പരാതി.
ഈ കേസിൽ, മുൻ ജീവനക്കാരികളായ വിനീത, ദിവ്യ ഫ്രാൻക്ലിൻ, രാധ എന്നിവർ നൽകിയ മുൻകൂർ ജാമ്യാപേക്ഷയാണ് കോടതി തള്ളിയത്. പ്രതികൾ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും, ഇവർക്ക് ജാമ്യം നൽകുന്നത് കേസിനെ ബാധിക്കുമെന്നുമുള്ള പോലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് കോടതിയുടെ നടപടി.
അതേസമയം, കേസിലെ നാലാം പ്രതിയും ഒന്നാം പ്രതി വിനീതയുടെ ഭർത്താവുമായ ആദർശിന് കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.