
കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) ക്ലബ്ബായ കേരള ബ്ലാസ്റ്റേഴ്സ് എഫ്‌സിയിൽ നിന്ന് മൂന്ന് പ്രധാന താരങ്ങൾ കൂടി പടിയിറങ്ങി. ഘാന സ്ട്രൈക്കർ ക്വാമെ പെപ്ര, ഇന്ത്യൻ യുവതാരം ഇഷാൻ പണ്ഡിത, ഗോൾകീപ്പർ കമൽജിത് സിംഗ് എന്നിവരാണ് ക്ലബ് വിട്ടതെന്ന് കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെൻ്റ് ഔദ്യോഗികമായി സ്ഥിരീകരിച്ചു. സോഷ്യൽ മീഡിയ ഹാൻഡിലുകൾ വഴിയാണ് ക്ലബ് ഇക്കാര്യം ആരാധകരെ അറിയിച്ചത്.
സ്ട്രൈക്കർമാരായ ക്വാമെ പെപ്രയുടെയും ഇഷാൻ പണ്ഡിതയുടെയും ക്ലബ്ബുമായുള്ള കരാർ അവസാനിച്ചതിനെ തുടർന്നാണ് ഇരുവരും ടീം വിടുന്നത്. കഴിഞ്ഞ രണ്ട് സീസണുകളായി ബ്ലാസ്റ്റേഴ്സിനായി ബൂട്ടണിഞ്ഞ ക്വാമെ പെപ്ര, ചില മത്സരങ്ങളിൽ മികച്ച പ്രകടനം കാഴ്ചവെച്ചിരുന്നെങ്കിലും സ്ഥിരമായി ആദ്യ ഇലവനിൽ സ്ഥാനം കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ ട്രാൻസ്ഫർ ജാലകത്തിലും താരത്തെ റിലീസ് ചെയ്യാൻ ബ്ലാസ്റ്റേഴ്സ് ശ്രമിച്ചിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
യുവ ഇന്ത്യൻ സ്ട്രൈക്കർ ഇഷാൻ പണ്ഡിതയ്ക്കും ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. മിക്ക മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചിലായിരുന്നു താരത്തിൻ്റെ സ്ഥാനം. ഇടയ്ക്കിടെയുണ്ടായ പരിക്കും താരത്തിന് തിരിച്ചടിയായി.
ഗോൾകീപ്പർ കമൽജിത് സിംഗ് ലോൺ കാലാവധി പൂർത്തിയായതിനെ തുടർന്നാണ് ടീം വിടുന്നത്. കഴിഞ്ഞ സീസണിൽ ടീമിലെ മറ്റു ഗോൾകീപ്പർമാർക്ക് പരിക്കേറ്റ അടിയന്തര സാഹചര്യത്തിലാണ് ചെന്നൈയിൻ എഫ്‌സിയിൽ നിന്ന് കമൽജിത്തിനെ ബ്ലാസ്റ്റേഴ്സ് ലോണടിസ്ഥാനത്തിൽ ടീമിലെത്തിച്ചത്. ലോൺ കാലാവധി പൂർത്തിയായതോടെ കമൽജിത് സിംഗ് തൻ്റെ മാതൃക്ലബ്ബായ ചെന്നൈയിൻ എഫ്‌സിയിലേക്ക് മടങ്ങും.
ഈ താരങ്ങളുടെ വിടവാങ്ങൽ വരും സീസണിനായുള്ള ടീം രൂപീകരണത്തിൽ ബ്ലാസ്റ്റേഴ്സിന് നിർണായകമാകും. പകരക്കാരെ കണ്ടെത്താനുള്ള ശ്രമങ്ങൾ ക്ലബ് ഇതിനകം ആരംഭിച്ചിട്ടുണ്ടെന്നാണ് സൂചന.