
വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരം; രക്തസമ്മർദ്ദം താഴുന്നു
തിരുവനന്തപുരം: ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു.
അദ്ദേഹത്തിന്റെ ചികിത്സ സംബന്ധിച്ച നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്നതിനായി പ്രത്യേക മെഡിക്കൽ ബോർഡ് യോഗം ചേരും.
അതിതീവ്ര പരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്. രക്തസമ്മർദ്ദം വളരെ താഴ്ന്ന നിലയിലാണെന്നും ഇത് സാധാരണ നിലയിലാക്കാൻ ഡോക്ടർമാർ ശ്രമിച്ചുവരികയാണെന്നും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. വൃക്കകളുടെ പ്രവർത്തനത്തിലും തകരാറുള്ളതിനാൽ തിങ്കളാഴ്ചയും അദ്ദേഹത്തെ ഡയാലിസിസിന് വിധേയനാക്കിയിരുന്നു. ഹൃദയം, വൃക്കകൾ എന്നിവയുടെ പ്രവർത്തനം സാധാരണ നിലയിലാക്കാനുള്ള ശ്രമകരമായ ദൗത്യത്തിലാണ് നിലവിൽ ഡോക്ടർമാർ.
നേരത്തെ, സംസ്ഥാനത്തെ വിവിധ വിദഗ്ധ ഡോക്ടർമാരുടെ സംഘം ആശുപത്രിയിലെത്തി വി.എസിന്റെ ആരോഗ്യനില വിലയിരുത്തിയിരുന്നു. ഇന്ന് രാവിലെ ചേരുന്ന മെഡിക്കൽ ബോർഡ് യോഗത്തിലെ തീരുമാനങ്ങൾ അദ്ദേഹത്തിന്റെ തുടർ ചികിത്സയിൽ ഏറെ നിർണായകമാകും.