
ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് ഭീമൻ സമ്മാനത്തുക
ഇത്തവണ ട്വന്റി 20 ലോകകപ്പ് വിജയികളെ കാത്തിരിക്കുന്നത് ഭീമമായ സമ്മാനത്തുക. ടൂർണമെന്റിൽ പങ്കെടുക്കുന്ന ടീമുകൾക്കായി ഐസിസി പ്രഖ്യാപിച്ചിരിക്കുന്നത് 11.25 മില്യൺ ഡോളറാണ്. അതായത് ഏകദേശം 92.25 കോടി രൂപ.
അതിൽ ടൂർണമെന്റ് വിജയികൾക്ക് 2.45 മില്യൺ ഡോളർ സമ്മാന തുകയായി ലഭിക്കും. ഏകദേശം 20 കോടിരൂപ. ഇതാദ്യമായാണ് ട്വന്റി 20 ലോകകപ്പിന്റെ വിജയികൾക്ക് ഇത്ര വലിയ തുക സമ്മാനമായി ലഭിക്കുന്നത്.
ഫൈനലിസ്റ്റുകളാകുന്ന ടീമിന് ലഭിക്കുക 1.28 മില്യൺ ഡോളറാണ്. സെമി ഫൈനലിൽ എത്തുന്ന ടീമുകൾക്ക് 7,87,500 ഡോളർ വീതം ലഭിക്കും. അവിടെയും തീർന്നില്ല. വിജയികൾക്ക് മാത്രമല്ല കോടികൾ ഉള്ളത്. പരാജയപ്പെടുന്നവർക്കും ഉണ്ട്.. സൂപ്പർ എട്ടിൽ പരാജയപ്പെടുന്ന ടീമുകൾക്ക് 3,82,500 ഡോളറാണ് പ്രതിഫലം ലഭിക്കുക.
ഒമ്പത് മുതൽ 12 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ 2,47,500 ഡോളർ വാങ്ങും. 13 മുതൽ 20 വരെ സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ 2,25,000 ഡോളറും സ്വന്തമാക്കും. ട്വന്റി 20 ലോകകപ്പിന്റെ ഒമ്പതാം പതിപ്പിൽ 20 ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റ് 28 ദിവസം നീളും. ജൂൺ 29 നാണ് ഫൈനൽ.