FootballSports

ഉജ്വല ഫ്രീകിക്ക് ഗോൾ, പിന്നാലെ അസിസ്റ്റും; നെയ്മർ കളം നിറഞ്ഞു, സാൻ്റോസിന് തകർപ്പൻ ജയം| Neymar Jr

നെയ്മറുടെ മികവിൽ സാൻ്റോസിന് ജയം. പോളിസ്റ്റ ലീഗ് ക്വാർട്ടർ ഫൈനലിൽ സാൻ്റോസ് എതിരില്ലാത്ത 2 ഗോളിന് ഗ്രാൻ്റ് ബുൾ ബ്രാഗാൻ്റിനോയെ തകർത്തു.

ഒരു ഗോളും ഒരു അസിസ്റ്റുമായി നെയ്മർ കളം നിറഞ്ഞ് കളിച്ചു. 9 ആം മിനിട്ടിൽ ഫ്രീകിക്കിലൂടെയാണ് നെയ്മർ ഗോൾ നേടിയത്. 56 ആം മിനിട്ടിൽ നെയ്മർ എടുത്ത കോർണർ കിക്ക് ഗോളി തടുത്തെങ്കിലും പന്ത് ലഭിച്ച സാൻ്റോസ് താരം സ്മിത്ത് വലയിലാക്കി.

പരിക്കിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയ നെയ്മർ സാൻ്റോസ് നിരയിൽ ഉജ്വല ഫോമിലാണ്. ബാല്യകാല ക്ലബ്ബായ സാൻ്റോസിൽ മടങ്ങിയെത്തിയ നെയ്മർ രണ്ടാം വരവിൽ 3 ഗോളും 3 അസിസ്റ്റും നേടി. 2026 ൽ ലോകകപ്പ് ലക്ഷ്യമിടുന്ന ബ്രസീലിന് നെയ്മറുടെ മികവ് പ്രതീക്ഷക്ക് വക നൽകുന്നു.

സാൻ്റോസിൽ മടങ്ങിയെത്തിയതിന് ശേഷം നെയ്മർ നേടുന്ന മൂന്നാമത്തെ ഗോൾ ആയിരുന്നു ഇന്നത്തേത്. പെനാൽറ്റിയിലൂടെയാണ് നെയ്മർ സാൻ്റോസിന് വേണ്ടി ആദ്യ ഗോൾ നേടിയത്. അടുത്ത ഗോൾ ഒളിമ്പിയ ഗോൾ ആയിരുന്നു. നെയ്മർ എടുത്ത കോർണർ കിക്ക് ഗോൾ പോസ്റ്റിലേക്ക് പറന്നിറങ്ങുക ആയിരുന്നു. ഇന്നത്തെ ഫ്രീ കിക്ക് ഗോളും കൂടിയായതോടെ ഉജ്വല ഫോമിലേക്ക് താരം തിരിച്ചെത്തി എന്ന് വ്യക്തം.