BusinessNationalNews

SBI, PNB ബാങ്കുകളുമായുള്ള ഇടപാടുകള്‍ വിലക്കി കർണാടക സർക്കാർ

ന്യൂഡല്‍ഹി: സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) എന്നീ ബാങ്കുകളുമായുള്ള സര്‍ക്കാര്‍ ഇടപാടുകള്‍ക്ക് വിലക്കുമായി കര്‍ണാടക. സംസ്ഥാന സര്‍ക്കാറിന് കീഴിലുള്ള വിവിധ ഡിപ്പാര്‍ട്ട്‌മെന്റുകള്‍, പൊതുമേഖല സ്ഥാപനങ്ങള്‍, ബോര്‍ഡ്-കോര്‍പറേഷനുകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍, യൂണിവേഴ്‌സിറ്റികള്‍ എന്നിവക്കാണ് നിര്‍ദേശം. ഫിനാന്‍സ് സെക്രട്ടറി പി.സി ജാഫറാണ് ഇതുസംബന്ധിച്ച നിര്‍ദേശം ആഗസ്റ്റ് 14ന് നല്‍കിയത്.

സെപ്റ്റംബര്‍ 20നുള്ളില്‍ ഈ ബാങ്കുകളിലെ അക്കൗണ്ടുകള്‍ ക്ലോസ് ചെയ്ത് നിക്ഷേപം തിരികെ പിടിക്കണമെന്നാണ് ഉത്തരവ്. രണ്ട് ബാങ്കുകളിലും ഉണ്ടായ സർക്കാർ ഫണ്ട് വകമാറ്റലും ക്രമക്കേടുകളാണ് ഇത്തരമൊരു നിര്‍ദേശത്തിന് കര്‍ണാടക സര്‍ക്കാറിനെ പ്രേരിപ്പിച്ചതെന്നും ഇത് സംബന്ധിച്ച ഉത്തരവില്‍ പറയുന്നു.

കര്‍ണാടക സര്‍ക്കാര്‍ പറയുന്നത് പ്രകാരം കര്‍ണാടക ഇന്‍ഡസ്ട്രിയല്‍ ഏരിയ ഡെവലപ്പ്‌മെന്റ് ബോര്‍ഡ് പി.എന്‍.ബി ബാങ്കില്‍ 25 കോടി രൂപ ഒരു വര്‍ഷത്തേക്ക് സ്ഥിരനിക്ഷേപമിട്ടു. 2021ല്‍ രാജാജിനഗര്‍ ബ്രാഞ്ചിലായിരുന്നു നിക്ഷേപം. ഇതിന് രണ്ട് റസീപ്റ്റുകളും നല്‍കി. 12 കോടിയുടേയും 13 കോടിയുടേയും രണ്ട് റസീപ്റ്റുകളാണ് നല്‍കിയത്. എന്നാല്‍, കാലാവധി പൂര്‍ത്തിയായതിന് ശേഷം ഇതില്‍ 13 കോടി രൂപ ബാങ്ക് തിരികെ നല്‍കാന്‍ തയാറായില്ല. ബാങ്കിലെ ജീവനക്കാര്‍ പണം തട്ടിയെടുത്തുവെന്നും തിരികെ നല്‍കാന്‍ തയാറായില്ലെന്നും കര്‍ണാടക സര്‍ക്കാര്‍ ആരോപിക്കുന്നു.

എസ്.ബി.ഐയിലെ ഇടപാടിലും ബാങ്കിന്റെ ഭാഗത്തുനിന്ന് ക്രമക്കേടുണ്ടായതായി പറയുന്നു. കര്‍ണാടക മലിനീകരണ നിയന്ത്രണ ബോര്‍ഡ് സ്റ്റേറ്റ് ബാങ്ക് ഓഫ് മൈസൂരുവില്‍ 10 കോടി രൂപയായാണ് നിക്ഷേപിച്ചത്. 2013 ആഗസ്റ്റിലായിരുന്നു പണം നിക്ഷേപിച്ചത്. കാലാവധി പൂര്‍ത്തിയായതിന് ശേഷം പണം തിരികെയെടുക്കാന്‍ ചെന്നപ്പോള്‍ സ്വകാര്യ കമ്പനി വ്യാജ രേഖകളുണ്ടാക്കി അത് തട്ടിയെടുത്തുവെന്നാണ് അറിയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *