News

ആശ്രിത നിയമനത്തിന് ക്രമിനില്‍ കേസുകള്‍ തടസ്സമല്ല; നിർണായക വിധിയുമായി ഹൈക്കോടതി, പ്രയോഗിച്ചത് ‘നെക്സസ് ടെസ്റ്റ്’

കൊച്ചി: മുൻകാല ക്രിമിനൽ കേസുകളുടെ പേരിൽ ഒരാൾക്ക് ആശ്രിത നിയമനം നിഷേധിക്കാനാവില്ലെന്ന് കേരള ഹൈക്കോടതിയുടെ സുപ്രധാന വിധി. ആരോപിക്കപ്പെട്ട കുറ്റകൃത്യവും, നൽകാൻ പോകുന്ന ജോലിയുടെ സ്വഭാവവും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് പരിശോധിക്കുന്ന ‘നെക്സസ് ടെസ്റ്റ്’ (Nexus Test) പ്രയോഗിച്ചുകൊണ്ടാണ് കോടതിയുടെ ഈ നിർണായക ഉത്തരവ്. അമ്മയുടെ മരണത്തെ തുടർന്ന് പോലീസ് കോൺസ്റ്റബിൾ (ഡ്രൈവർ) തസ്തികയിലേക്ക് ആശ്രിത നിയമനത്തിന് അർഹത നേടിയ യുവാവിന്റെ നിയമനം, ക്രിമിനൽ കേസുകളിൽ പ്രതിയായിരുന്നു എന്ന് ചൂണ്ടിക്കാട്ടി സർക്കാർ തള്ളിയിരുന്നു. ഈ ഉത്തരവ് റദ്ദാക്കിയ കോടതി, നാലാഴ്ചയ്ക്കകം യുവാവിന് നിയമനം നൽകാനും നിർദ്ദേശിച്ചു.

ജസ്റ്റിസ് എ. മുഹമ്മദ് മുസ്താഖ്, ജസ്റ്റിസ് ജോൺസൺ ജോൺ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് വിധി.

കേസിന്റെ നാൾവഴികൾ

പോലീസ് വകുപ്പിൽ പാർട്ട് ടൈം സ്വീപ്പറായിരുന്ന അമ്മ സർവീസിലിരിക്കെ 2017-ൽ മരിച്ചതിനെ തുടർന്നാണ് ജിജിൻ ആർ. എന്ന യുവാവിന് ആശ്രിത നിയമനത്തിന് അർഹത ലഭിച്ചത്. എന്നാൽ, 2012-നും 2019-നും ഇടയിൽ പൊതുസ്ഥലത്ത് മദ്യപാനം, സ്ത്രീകളോട് മോശമായി പെരുമാറുക, കയ്യേറ്റം, പിന്നീട് ഒത്തുതീർപ്പായ ഒരു വിവാഹ തർക്കം എന്നിവയുൾപ്പെടെ ആറ് ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിരുന്നു എന്ന കാരണം പറഞ്ഞ് സർക്കാർ നിയമനം നിഷേധിച്ചു. ഇതിനെതിരെയാണ് ജിജിൻ കോടതിയെ സമീപിച്ചത്.

ഹൈക്കോടതിയുടെ ‘നെക്സസ് ടെസ്റ്റ്’

“ഈ കേസിനെ ഞങ്ങൾ സമീപിക്കുന്നത് കുറ്റവിമുക്തനാക്കപ്പെട്ടോ ഇല്ലയോ എന്നതിനപ്പുറം, കുറ്റകൃത്യവും ജോലിയും തമ്മിലുള്ള ബന്ധം പരിശോധിക്കുന്ന ‘നെക്സസ് ടെസ്റ്റ്’ അടിസ്ഥാനമാക്കിയാണ്,” എന്ന് കോടതി വ്യക്തമാക്കി.

“ഉദ്യോഗാർത്ഥിക്ക് നൽകാൻ പോകുന്ന ജോലിക്ക് ഉയർന്ന പൊതുവിശ്വാസം ആവശ്യമുണ്ടോ, അല്ലെങ്കിൽ വിവേചനാധികാരം പ്രയോഗിക്കേണ്ട തസ്തികയാണോ എന്നതാണ് പ്രാഥമികമായി പരിഗണിക്കേണ്ടത്. രണ്ടാമതായി, ഒരു വ്യക്തിയുടെ സാമൂഹികവും സാമ്പത്തികവുമായ പിന്നോക്കാവസ്ഥ കണക്കിലെടുത്ത്, അത്തരം ഒരു ജോലി അവർക്ക് നിഷേധിക്കുന്നത് ശരിയാണോ എന്നും പരിശോധിക്കണം. ചെറിയ വീഴ്ചകളുടെ പേരിൽ ഒരാൾക്ക് തിരുത്താനുള്ള അവസരം എന്നെന്നേക്കുമായി നിഷേധിക്കരുത്,” എന്ന് സുപ്രീം കോടതി വിധികൾ ഉദ്ധരിച്ചുകൊണ്ട് ഹൈക്കോടതി നിരീക്ഷിച്ചു.

ജീവിതത്തിൽ ഒരുപാട് പ്രതിസന്ധികൾ നേരിട്ട, ഉയർന്ന വിദ്യാഭ്യാസം നേടാൻ കഴിയാതിരുന്ന ഹർജിക്കാരന്റെ സാഹചര്യം കണക്കിലെടുക്കണമെന്നും, വെരിഫിക്കേഷൻ ഫോമിൽ വിവരങ്ങൾ നൽകാതിരുന്നത് ജോലി നിഷേധിക്കാൻ തക്ക ഗൗരവമുള്ള ഒന്നല്ലെന്നും കോടതി വിലയിരുത്തി.