Kerala Government NewsNews

വിരമിച്ച ഐഎഎസുകാർക്ക് ചാകര; കാഷ്യു ബോർഡ് ചെയർമാന് 65 വയസ്സുവരെ തുടരാൻ മന്ത്രിസഭാ അനുമതി

തിരുവനന്തപുരം: വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥർക്ക് സർക്കാർ തസ്തികകളിൽ പുനർനിയമനം നൽകുന്നതിൽ റെക്കോർഡിട്ട് പിണറായി സർക്കാർ. സർവീസിൽ നിന്ന് വിരമിച്ച അമ്പതോളം ഐഎഎസ് ഉദ്യോഗസ്ഥരാണ് നിലവിൽ സർക്കാരിന്റെ വിവിധ പ്രധാന തസ്തികകളിൽ തുടരുന്നത്. ഈ ശ്രേണിയിലെ അവസാനത്തെ കണ്ണിയാണ് കേരള കാഷ്യു ബോർഡ് ലിമിറ്റഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ എ. അലക്സാണ്ടർ ഐഎഎസ് (റിട്ട.).

2022-ൽ മൂന്ന് വർഷത്തേക്ക് കാഷ്യു ബോർഡ് ചെയർമാനായി നിയമിതനായ അലക്സാണ്ടറിന്റെ കാലാവധി 2025 മെയ് 14-ന് അവസാനിച്ചിരുന്നു. എന്നാൽ, കാലാവധി കഴിഞ്ഞിട്ടും അദ്ദേഹം സ്ഥാനത്ത് തുടരുകയായിരുന്നു. നിയമന കാലാവധി മൂന്ന് വർഷത്തേക്ക് കൂടി നീട്ടി നൽകണമെന്ന് അദ്ദേഹം സർക്കാരിനോട് അഭ്യർത്ഥിച്ചു. ജൂലൈ 30-ന് ചേർന്ന മന്ത്രിസഭാ യോഗം ഈ അപേക്ഷ പരിഗണിക്കുകയും അദ്ദേഹത്തിന്റെ നിയമനം 2027 ഫെബ്രുവരി 28 വരെ, അതായത് 65 വയസ്സ് പൂർത്തിയാകുന്നതുവരെ നീട്ടിനൽകാൻ തീരുമാനിക്കുകയുമായിരുന്നു.

വിജിലൻസ് ക്ലിയറൻസ് ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാക്കിയാണ് വ്യവസായ വകുപ്പിന്റെ ശുപാർശ മന്ത്രിസഭ അംഗീകരിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നും വിദേശത്തുനിന്നും കശുവണ്ടി സംഭരിച്ച് പൊതുമേഖലാ ഫാക്ടറികളുടെ പ്രവർത്തനം സുഗമമാക്കാൻ 2017-ൽ രൂപീകരിച്ച സ്പെഷ്യൽ പർപ്പസ് വെഹിക്കിളാണ് കേരള കാഷ്യു ബോർഡ്. ഈ സ്ഥാപനത്തിന്റെ തലപ്പത്താണ് അലക്സാണ്ടറിന് വീണ്ടും നിയമനം ലഭിച്ചിരിക്കുന്നത്.

മലയാളം മീഡിയ ലൈവ് വാർത്തകള്‍ തല്‍സമയം ലഭിക്കാൻ ഔദ്യോഗിക വാട്ട്സാപ്പ് ചാനലില്‍ അംഗമാകൂ.. ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.. https://whatsapp.com/channel/0029Vb6TpEe0LKZD61weOU1Q