News

കേരളത്തെ മിനി പാക്കിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ; ബി.ജെ.പി ആവര്‍ത്തിക്കുന്നത് സി.പി.എം നേതാവിന്റെ വര്‍ഗീയ പരാമർശം

കേരളത്തെ മിനി പാക്കിസ്ഥാനെന്ന് ആക്ഷേപിച്ച മഹാരാഷ്ട്രയിലെ ബി.ജെ.പി മന്ത്രി നിതീഷ് റാണെ രാജിവയ്ക്കണമെന്ന് വി.ഡി സതീശൻ.ബി.ജെ.പി ആവര്‍ത്തിക്കുന്നത് സി.പി.എം നേതാവിന്റെ വര്‍ഗീയ പരാമർശം.

കേരളം പാകിസ്ഥാനായതു കൊണ്ടാണ് രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പാര്‍ലമെന്റിലേക്കു തിരഞ്ഞെടുക്കപ്പെട്ടതെന്നും വോട്ടു ചെയ്തത് ഭീകരര്‍ മാത്രമാണെന്നുമുള്ള പരാമര്‍ശം അങ്ങേയറ്റം നിന്ദ്യവും കേരള ജനതയെ അപമാനിക്കലുമാണ്.

സംഘ്പരിവാര്‍ നേതൃത്വത്തെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി കേരളത്തിലെ സി.പി.എം തുടങ്ങി വച്ച വര്‍ഗീയ പരമാര്‍ശമാണ് ഇപ്പോള്‍ ബി.ജെ.പി ദേശീയ തലത്തിലും ഏറ്റെടുത്തിരിക്കുന്നത്.

ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് എതിരെ ബി.ജെ.പിക്ക് ആയുധം നല്‍കുന്നതായിരുന്നു സി.പി.എം നേതാവ് എ വിജയരാഘവന്‍ പ്രിയങ്കാഗാന്ധിയുടെ വയനാട്ടിലെ വിജയം സംബന്ധിച്ച് നടത്തിയ പ്രസ്താവന.

വിജയരാഘവനെ തിരുത്തുന്നതിനു പകരം സി.പി.എം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ളവര്‍ അതിനെ പ്രോത്സാഹിപ്പിച്ചത് എന്തിനു വേണ്ടിയായിരുന്നെന്ന് കേരളത്തിലെ ജനങ്ങള്‍ക്ക് ഇപ്പോള്‍ വ്യക്തമായിട്ടുണ്ട്.

പ്രിയങ്ക ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കും പുറമെ കേരളത്തെ മിനി പാകിസ്ഥാനെന്ന് ബി.ജെ.പി നേതാവ് ആക്ഷേപിച്ചതില്‍ നിലപാട് വ്യക്തമാക്കാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും ഇനിയെങ്കിലും തയാറാകണം.

അതിന് തയാറായില്ലെങ്കില്‍ ബി.ജെ.പിയും സി.പി.എമ്മും രണ്ടല്ല, ഒന്നാണെന്നു ജനങ്ങള്‍ക്ക് മുന്നില്‍ നിങ്ങള്‍ തുറന്നു സമ്മതിക്കണം. മഹാരാഷ്ട്രയിലെ മന്ത്രി കേരളത്തെ ആക്ഷേപിച്ചതില്‍ സംസ്ഥാന ബി.ജെ.പി നേതൃത്വവും നിലപാട് വ്യക്തമാക്കണമെന്നും വി.ഡി സതീശൻ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *