Kerala

ഒരിക്കൽ പാചകം ചെയ്ത എണ്ണയ്ക്ക് 60 രൂപ വരെ; ജൈവഡീസലിനായി കേരളത്തിൽ നിന്ന് പ്രതിമാസം കിട്ടുന്നത് 50000 ലിറ്റർ എണ്ണ

ഹോട്ടലുകളിലും മറ്റും പാചകം ചെയ്തതിന് ശേഷം വലിയ അളവിൽ എണ്ണ ബാക്കിയാകാറുണ്ട്. ഒരിക്കൽ ഉപയോഗിച്ച എണ്ണ വീണ്ടും ഉപയോഗിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങളിലേക്ക് എത്തിക്കുമെന്ന് ആരോഗ്യവിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിൽ, കേരളത്തിലെ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തുന്ന റീപർപ്പസ് കുക്കിങ് ഓയിൽ (ആർയുസിഒ) പ്രോജക്ട് ശ്രദ്ധ നേടുകയാണ്. പ്രൊജക്ടിന് കീഴിൽ ഹോട്ടലുകളിൽനിന്നും മറ്റും പ്രതിമാസം പാചകം ചെയ്തതിന് ശേഷമുള്ള 50000 ലിറ്റർ എണ്ണയാണ് ശേഖരിക്കപ്പെടുന്നത്.

ഈ എണ്ണ ഉപയോഗിച്ച് ജൈവ ഡീസൽ, സോപ്പ് മുതലായവ നിർമിക്കുന്നുണ്ട്. ഇത്തരത്തിൽ ഹോട്ടലുകളിൽനിന്നും ശേഖരിക്കപ്പെടുന്ന എണ്ണയ്ക്ക് ലിറ്ററിന് 40 മുതൽ 60 രൂപ വരെ നൽകുകയും ചെയ്യുന്നുണ്ട്. ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ ഈ നൂതനമായ പ്രോജക്ട് വലിയ കൈയടിയാണ് നേടുന്നത്. ഹോട്ടലുകൾ, ഭക്ഷണശാലകൾ, മറ്റ് ഭക്ഷ്യ ഉത്പാദന യൂണിറ്റുകൾ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നാണ് എണ്ണ ശേഖരിക്കുന്നത്. പദ്ധതിയിൽ സംസ്ഥാനം വൻ വിജയം നേടിയതായി വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർ പറഞ്ഞു.

‘‘പാചകത്തിന് ഉപയോ​ഗിക്കുന്ന എണ്ണയിൽ നിന്ന് ബയോ ഡീസൽ ഉത്പാദിപ്പിക്കാൻ കേരളത്തിൽ നാല് കമ്പനികളാണ് സജീവമായി പ്രവർത്തിക്കുന്നത്, ഇതിൽ നിന്ന് സോപ്പ് നിർമിക്കുന്ന ഒരു കമ്പനിയുമുണ്ട്’’, ഭക്ഷ്യ സുരക്ഷാ വകുപ്പിലെ ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഓപ്പൺ ഡൈജസ്റ്റ് റിപ്പോർട്ടു ചെയ്തു. ഉപയോഗിച്ച എണ്ണയിൽ മെഥനോൾ ചേർത്ത് ചൂടാക്കുന്നു. വിവിധ ഘട്ടങ്ങളായുള്ള നടപടിക്രമങ്ങൾക്ക് ശേഷം ജൈവ ഡീസൽ ആയി മാറ്റുകയാണ് ചെയ്യുന്നത്. ലിറ്ററിന് 185 രൂപ നിരക്കിലാണ് ജൈവ ഡീസൽ വിൽക്കുന്നത്. കാസർകോഡ്, കോഴിക്കോട്, തൃശ്ശൂർ, ഇരഞ്ഞാലക്കുട എന്നിവടങ്ങളിലാണ് ജൈവ ഡീസൽ നിർമാണ കമ്പനികൾ പ്രവർത്തിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *