Technology

വാട്ട്‌സ്ആപ്പിന് 213.14 കോടി പിഴയിട്ട് ഇന്ത്യ; അഞ്ച് വർഷത്തേക്ക് ഡാറ്റ കൈമാറ്റം വിലക്കി | WhatsApp

വാട്ട്‌സ്ആപ്പിന് (WhatsApp) പിഴചുമത്തി കോമ്പറ്റീഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (സിസിഐ) Competition Commission of India (CCI). ഉപയോക്തൃ വിവരങ്ങൾ മാതൃകമ്പനിയായ മെറ്റയുടെ മറ്റ് ആപ്ലിക്കേഷനുകളുമായി പരസ്യ ആവശ്യത്തിന് പങ്കുവെക്കുന്നതിന് അഞ്ച് വർഷത്തേക്ക് വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. 213.14 കോടിയാണ് പിഴ ചുമത്തിയത്. ഇന്ത്യയുടെ സ്വകാര്യതാ നയത്തിന് അനുസൃതമായാണ് ബഹുരാഷ്ട്ര സോഷ്യൽ മീഡിയ കമ്പനിക്കെതിരെ കടുത്ത നടപടിയെടുത്തിരിക്കുന്നത്.

2021 മാർച്ചിൽ ആരംഭിച്ച സിസിഐ അന്വേഷണത്തിനൊടുവിലാണ് വാട്ട്‌സ്ആപ്പിന്റെ ഡാറ്റാ കൈമാറ്റം കണ്ടെത്തിയത്. വാട്ട്‌സ്ആപ്പ് സേവനം നൽകുന്നത് ഒഴികെ ഉപയോക്താക്കളുടെ വിവരം മറ്റ് പ്ലാറ്റ്‌ഫോമുകളുമായി വിവരം കൈമാറുന്നതിന് വ്യവസ്ഥയില്ലെന്നാണ് സിസിഐ ചൂണ്ടിക്കാട്ടി. എന്നാൽ വിധിയെക്കുറിച്ച് മെറ്റ കമ്പനി ഇതുവരെ പ്രതികരിച്ചിട്ടില്ല.

അതേസമയം, വാട്ട്‌സ്ആപ്പിനെതിരെയുള്ള നടപടി ഇന്ത്യ-യുഎസ് വ്യാപാര ബന്ധത്തിൽ പ്രതിഫലിക്കുമോ എന്ന ആശങ്കയും പങ്കുവെക്കുന്നവരുണ്ട്. യുഎസ്-ഇന്ത്യ ബിസിനസ് കൗൺസിൽ നടപടിയെ വിമർശിച്ചിട്ടുണ്ട്. മെറ്റ മാത്രമല്ല ആപ്പിൾ, ഗൂഗിൾ തുടങ്ങിയ ബഹുരാഷ്ട്ര കമ്പനികളും ഇന്ത്യയും തമ്മിൽ സ്വകര്യതാ നയത്തിന്റെ പേരിൽ തർക്കങ്ങളുണ്ട്. നിലവിലെ നിയമം പരിഷ്‌കരിച്ച് ഡിജിറ്റൽ കോംപറ്റീഷൻ ബിൽ അവതരിപ്പിക്കാനൊരുങ്ങുകയാണ് കേന്ദ്ര സർക്കാർ എന്നറിയുന്നത്.

നിങ്ങളുടെ ഡാറ്റ തരൂ അല്ലെങ്കിൽ ഉപയോഗിക്കാതിരിക്കൂ എന്ന നിലപാടായിരുന്നു മെറ്റയുടേത്. 2021 ജനുവരിയിലാണ് വാട്ട്‌സ്ആപ്പ് അതിന്റെ നിബന്ധനകളിലും സ്വകര്യത നയത്തിലും മാറ്റം വരുത്തിയത്. 2021 ഫെബ്രുവരി എട്ടിന് ശേഷം ഉപയോക്താക്കളുടെ വിവരം മെറ്റയുമായി പങ്കുവെക്കണമെന്നത് നിർബന്ധമാക്കുകയായിരുന്നു. എന്നാൽ ഇതിനെ സിസിഐ എതിർക്കുകയായിരുന്നു. വാട്ട്‌സ്ആപ്പ് ഉപയോക്താക്കളുടെ വിവരം മെറ്റയുടെ ആഭ്യന്തര കമ്പനികളുമായി പങ്കിടുന്നത് മറ്റ് സോഷ്യൽ മീഡിയ കമ്പനികളുടെ ബിസിനസ്സിനെ അന്യായമായി ബാധിക്കുമെന്നതും സിസിഐ വാദിച്ചു.

അഞ്ച് വർഷത്തേക്ക് പരസ്യങ്ങൾക്കായി മെറ്റാ കമ്പനികളുമായി ഉപയോക്തൃ ഡാറ്റ പങ്കിടരുതെന്ന് സിസിഐ വാട്ട്സ്ആപ്പിനോട് നിർദ്ദേശിച്ചിരിക്കുന്നത്. ഈ സമയത്തിന് ശേഷം, ഡാറ്റ പങ്കിടൽ നിയമങ്ങൾ ബാധകമാകും. പരസ്യേതര കാരണങ്ങളാൽ, WhatsApp അതിന്റെ ഡാറ്റ പങ്കിടൽ വിശദീകരിക്കണം. ഓരോ തരത്തിലുള്ള ഡാറ്റ പങ്കിടലിനും വ്യക്തമായ കാരണം ഉണ്ടായിരിക്കണം. വാട്ട്സ്ആപ്പ് ഉപയോക്താക്കൾക്ക് ഡാറ്റ പങ്കിടൽ നിർത്താനുള്ള തിരഞ്ഞെടുപ്പ് ലഭിക്കും. അവർക്ക് ആപ്പിൽ ഈ ക്രമീകരണങ്ങൾ മാറ്റാനാകും. ഇന്ത്യയിലെ വൻകിട ടെക് കമ്പനികളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടെന്ന് ഈ പുതിയ നിയമങ്ങൾ കാണിക്കുന്നു. ഡിജിറ്റൽ ലോകത്ത് ന്യായമായ മത്സരം പ്രധാനമാണെന്ന് സിസിഐ ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *