
വിരമിച്ച ഹൈക്കോടതി പ്രോട്ടോക്കോൾ ഓഫിസറുടെ കാലാവധി നീട്ടി; 2 വർഷത്തേക്ക് കാലാവധി നീട്ടി നൽകിയത് ഒക്ടോബർ 3 ലെ മന്ത്രിസഭ യോഗം
കൊച്ചി : ഹൈക്കോടതി പ്രോട്ടോക്കോൾ ഓഫിസർ വിരമിക്കണ്ട. സെപ്റ്റംബർ 30 ന് വിരമിച്ച പ്രോട്ടോക്കോൾ ഓഫിസർ ആർ. അശോകിൻ്റെ കാലാവധി 2 വർഷത്തേക്ക് കൂടി നീട്ടി . ഒക്ടോബർ 3 ലെ മന്ത്രിസഭ യോഗം ആണ് പ്രോട്ടോക്കോൾ ഓഫിസറുടെ കാലാവധി നീട്ടി നൽകിയത്.
കരാർ വ്യവസ്ഥയിലാണ് നിയമനം നൽകിയത്. അവസാന മാസം ലഭിച്ച ശമ്പളം കരാർ വേതനമായി അശോകിന് ലഭിക്കും. അശോകിൻ്റെ കാലാവധി രണ്ട് വർഷത്തേക്ക് നീട്ടി നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതി രജിസ്ട്രാർ ജനറൽ സർക്കാരിന് കത്ത് നൽകിയിരുന്നു.
ഹൈക്കോടതി ജഡ്ജിമാരുടെയും കേരളം സന്ദർശിച്ച സുപ്രീം കോടതി ജഡ്ജിമാരുടെയും കാര്യങ്ങൾ മികച്ച രീതിയിൽ ഏകോപിപ്പിക്കുകയും കൈകാര്യം ചെയ്യുകയും ഭരണപരമായ കാര്യങ്ങളിൽ ഹൈക്കോടതിക്ക് വിലപെട്ട സേവനം നൽകി വരുന്ന മികച്ച ഓഫിസർ ആണ് അശോക് എന്നും സേവനം രണ്ട് വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു നൽകണമെന്നും ഉള്ള ഹൈക്കോടതി ചീഫ് ജസ്റ്റിസിൻ്റെ നിർദ്ദേശം അടങ്ങിയ ശുപാർശ രജിസ്ട്രാർ ജനറൽ സർക്കാരിന് കൈമാറിയിരുന്നു.
ഇതിനെ തുടർന്നാണ് മന്ത്രിസഭ തീരുമാനം ഉണ്ടായത്. വിരമിച്ചിട്ടും പത്ത് വർഷമായി സർക്കാരിനെ സേവിക്കുന്ന ഐ എ എസുകാർ സംസ്ഥാനത്തുണ്ട്. അതുകൊണ്ട് തന്നെ മറിച്ച് ഒരു തീരുമാനം എടുക്കാൻ സർക്കാരിന് കഴിയില്ല. സർക്കാർ സർവീസിൽ ആരും അനിവാര്യരല്ല. പിന്നാലെ വരുന്നവർ കേമൻമാർ ആകും. അവസരം കിട്ടിയാൽ അല്ലേ കഴിവ് തെളിയിക്കാൻ സാധിക്കൂ.