
ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ അദ്യവനിതാ പ്രസിഡന്റ് പിടി ഉഷയ്ക്കെതിരെ അവിശ്വാസ പ്രമേയത്തിന് നീക്കം. ചുമതലയേറ്റെടുത്ത് രണ്ടാം വർഷത്തിൽ തന്നെ ഉഷക്കെതിരെ കടുത്ത എതിർനീക്കങ്ങളാണ് നടക്കുന്നത്. 25ന് ചേരുന്ന ഐഒഎ യോഗത്തിൽ അവിശ്വാസപ്രമേയം പരിഗണിക്കാനാണ് സാധ്യത. പ്രസിഡന്റിന്റെ അധികാരങ്ങൾ വെട്ടിക്കുറയ്ക്കുന്നതും യോഗത്തിൽ ചർച്ചയാകും.
ഐഎംഒയുടെ എക്സിക്യൂട്ടീവ് കൗൺസിലിലെ ബഹുഭൂരിപക്ഷം അംഗങ്ങളും പിടി ഉഷയോട് കടുത്ത ഭിന്നതയിലാണ്. അധ്യക്ഷ ഏകപക്ഷീയമായാണ് പെരുമാറുന്നുതെന്നും. തന്നിഷ്ടപ്രകാരമാണ് തീരുമാനങ്ങൾ എടുക്കുന്നതുമെന്നാണ് പല എക്സിക്യൂട്ടീവ് അംഗങ്ങളും പറയുന്നത്. യോഗ്യതാ മാനദണ്ഡങ്ങൾ ലംഘിച്ചുവെന്നാരോപിച്ച് ഒന്നിലധികം എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങൾക്ക് പിടി ഉഷ കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു.
എന്നാൽ, ഇത്തരത്തിൽ ഒരു അവിശ്വാസ പ്രമേയം യോഗത്തിൽ കൊണ്ടുവരാൻ എക്സിക്യൂട്ടീവ് അംഗങ്ങൾക്ക് കഴിയില്ലെന്ന് പിടി ഉഷയെ അനുകൂലിക്കുന്ന കേന്ദ്രങ്ങൾ പറഞ്ഞു. അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടാൽ മാത്രമെ അവിശ്വാസ പ്രമേയം പരിഗണിക്കാനാവൂ. അങ്ങനെയുണ്ടായിട്ടില്ലെന്നും ഉഷയെ അനുകൂലിക്കുന്ന അംഗങ്ങൾ പറഞ്ഞു.
പാരീസ് ഒളിംപിക്‌സിലെ ഹോസ്പിറ്റാലിറ്റി ലോഞ്ചുമായി ബന്ധപ്പെട്ട് റിലയൻസുമായുള്ള കരാറിൽ സിഎജി ഉഷയ്ക്ക് നേരെ ചോദ്യങ്ങൾ ഉയർത്തിയിരുന്നു. റിലയൻസിനെ ഉഷ വഴിവിട്ട് സഹായിച്ചെന്നും ഇതുമൂലം ഐഒഎയ്ക്ക് 24 കോടി രൂപയുടെ നഷ്ടമുണ്ടായെന്നുമാണ് സിഎജി ആരോപിച്ചിരുന്നു. എന്നാൽ, ഈ ആരോപണങ്ങളെല്ലാം ഉഷ തള്ളിക്കളയുകയാണ്.
എക്സിക്യൂട്ടീവ് കൗൺസിലിന്റെ മീറ്റിംഗിന്റെ അജണ്ട വിഷയങ്ങളിലെ പോയിന്റ് നമ്പർ 26 അനുസരിച്ച്, ഭരണഘടനാ ലംഘനങ്ങളും ഇന്ത്യൻ കായികരംഗത്ത് ഹാനികരമായേക്കാവുന്ന നടപടികളും കണക്കിലെടുത്ത് അധ്യക്ഷനെതിരെയുള്ള അവിശ്വാസ പ്രമേയം ഐഒഎ ചർച്ച ചെയ്യുകയും പരിഗണിക്കുകയും ചെയ്യുമെന്നുമാണ് സൂചന.
ഐഒഎ പ്രസിഡന്റിന്റെ അധികാരം വെട്ടിക്കുറയ്ക്കുക, ഉഷ നടപ്പാക്കിയ സ്പോൺസർഷിപ്പ് കരാറുകളുടെ വിശദാംശങ്ങൾ ചർച്ച ചെയ്യുക, സിഇഒ നിയമനം, വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യക്ക് 1.75 കോടി രൂപ വായ്പ, ഒന്നിലധികം എക്സിക്യൂട്ടീവുകൾക്ക് കാരണം കാണിക്കൽ നോട്ടീസ് എന്നിവയും അജണ്ടയിലെ മറ്റ് ഇനങ്ങളാണ്.