KeralaNews

CAA വിരുദ്ധ പ്രക്ഷോഭം: കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍; നടപടികള്‍ വേഗത്തിലാക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം (CAA) വിരുദ്ധ പ്രക്ഷോഭത്തില്‍ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്ത കൂടുതല്‍ കേസുകള്‍ പിന്‍വലിക്കാനൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത 835 കേസുകളില്‍ പിന്‍വലിച്ചത് വെറും 59 എണ്ണം മാത്രമായിരുന്നുവെന്ന് മലയാളം മീഡിയ റിപ്പോര്‍ട്ട് ചെയ്തത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

കേസുകള്‍ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ വേഗത്തിലാക്കാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശം നല്‍കി. ഗുരുതര സ്വഭാവമില്ലാത്ത കേസുകളാണ് പിന്‍വലിക്കുന്നത്.

തിരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് സര്‍ക്കാര്‍ നടപടികള്‍ വേഗത്തിലാക്കുന്നത്. കേസുകള്‍ പിന്‍വലിക്കണമെന്ന് മുസ്ലിം സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നു.

ഗുരുതര സ്വഭാവമില്ലാത്ത കേസുകള്‍ പിന്‍വലിക്കുന്നതിന് 2022 ഫെബ്രുവരിയില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ തീരുമാനിച്ച എല്ലാ കേസുകളിലും കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചു എന്ന് ഉറപ്പാക്കണം. പിന്‍വലിക്കുന്നതിന് അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള കേസുകള്‍ പരിശോധിച്ച് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുള്ള കേസുകളിലും വേഗത്തില്‍ നടപടി സ്വീകരിക്കണം.

സര്‍ക്കാര്‍ അഭിഭാഷകര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ നല്‍കണമെന്നും ആഭ്യന്തര വകുപ്പ് അഡി. ചീഫ് സെക്രട്ടറി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സര്‍ക്കാര്‍ കേസുകള്‍ പിന്‍വലിക്കാന്‍ അനുകൂല റിപ്പോര്‍ട്ട് പ്രോസിക്യൂട്ടര്‍ വഴി ഹാജരാക്കുമ്പോള്‍ കോടതിയാണ് തീരുമാനിക്കേണ്ടത്. സിഎഎയുമായി ബന്ധപ്പെട്ട പ്രതിഷേധ പരിപാടികളില്‍ പങ്കെടുത്ത 7913 പേര്‍ക്കെതിരെ 835 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *