
ഭരണഭാഷയിൽ ഇനി ‘ചെയർമാൻ’ ഇല്ല; ലിംഗസമത്വത്തിലേക്ക് ചുവടുവെച്ച് സർക്കാർ, പുതിയ ഉത്തരവിറങ്ങി
തിരുവനന്തപുരം: ഭരണരംഗത്ത് ലിംഗനിഷ്പക്ഷ പദങ്ങളുടെ ഉപയോഗം വർധിപ്പിക്കുന്നതിന്റെ ഭാഗമായി ‘ചെയർമാൻ’ എന്ന പദത്തിന് പകരം ‘ചെയർപേഴ്സൺ’ എന്ന് ഉപയോഗിക്കാൻ നിർദ്ദേശിച്ച് സർക്കാർ പുതിയ സർക്കുലർ പുറത്തിറക്കി. ഭാഷാ മാർഗനിർദ്ദേശക വിദഗ്ധ സമിതിയുടെ ശുപാർശ പ്രകാരമാണ് ഈ മാറ്റം.
സർക്കാർ, അർദ്ധസർക്കാർ, പൊതുമേഖലാ, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളിലടക്കം ഈ മാറ്റം ബാധകമാകും. ഉദ്യോഗസ്ഥ ഭരണപരിഷ്കാര (ഔദ്യോഗിക ഭാഷ) വകുപ്പ് ജൂൺ 30-ന് പുറത്തിറക്കിയ സർക്കുലർ പ്രകാരം, ഭരണരംഗത്ത് ലിംഗസമത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി.
ഭാഷാ മാർഗനിർദ്ദേശക വിദഗ്ധ സമിതി 2025 ഫെബ്രുവരി 14-ന് ചേർന്ന യോഗത്തിലാണ് ‘ചെയർമാൻ’ എന്ന പദത്തിന് പകരം ലിംഗനിഷ്പക്ഷമായ ‘ചെയർപേഴ്സൺ’ എന്ന പദം ഉപയോഗിക്കാൻ ശുപാർശ ചെയ്തത്. ഈ ശുപാർശ വിശദമായി പരിശോധിച്ച ശേഷമാണ് സർക്കാർ പുതിയ ഉത്തരവ് പുറത്തിറക്കിയത്.
അഡീഷണൽ സെക്രട്ടറി കെ.കെ. ബാലഗോപാൽ ഒപ്പുവെച്ച സർക്കുലർ, എല്ലാ വകുപ്പ് മേധാവികൾക്കും, ജില്ലാ കളക്ടർമാർക്കും, സർവകലാശാലാ രജിസ്ട്രാർമാർക്കും ഉൾപ്പെടെ കൈമാറിയിട്ടുണ്ട്.