KeralaNewsPolitics

പി പി ദിവ്യയ്ക്കെതിരെ വടിയെടുത്ത് സിപിഎം ; തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾ

തിരുവനന്തപുരം : കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിൽ പി പി ദിവ്യക്ക് കുരുക്ക് മുറുകുന്നു. പോലീസ് റിപ്പോർട്ട് പി പി ദിവ്യയ്ക്ക് എതിരാണ്. അതിനാൽ തരം താഴ്ത്തൽ ഉൾപ്പെടെ കടുത്ത നടപടികൾ സ്വീകരിക്കാനാണ് സിപിഎം തീരുമാനിച്ചിരിക്കുന്നത്. അടുത്ത ബുധനാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിൽ ഇത് സംബന്ധിച്ച അന്തിമ തീരുമാനമുണ്ടാകും.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പി പി ദിവ്യയ്ക്കെതിരെ പാർട്ടി നടപടി ഉണ്ടാകുമെന്ന് വ്യക്തമാക്കിയിരുന്നു. കണ്ണൂർ എഡിഎം നവീൻ ബാബുവിനെ ആസൂത്രിതമായി ദിവ്യ വ്യക്തിഹത്യ നടത്തിയെന്നാണ് പൊലീസ് റിപ്പോർട്ട്‌. അതേസമയം, ദിവ്യയുടെ മുൻ‌കൂർ ജാമ്യഹർജിയിൽ ചൊവ്വാഴ്ചയാണ് ഉത്തരവ് എന്നതിനാൽ അതുവരെ അറസ്റ്റ്‌ നീളാനാണ് സാധ്യത. എന്നാൽ ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പാർട്ടിയിലെ നേതാവിനെതിരെ ഇത്രയും ഗുരുതരമായ ആരോപണം ഉണ്ടാകുന്നത് സിപിഎമ്മിന് കനത്ത തിരിച്ചടിയായിരിക്കും സമ്മാനിക്കുക. ഇതേപ്പറ്റി നേതാക്കന്മാർക്കും നല്ല ബോധ്യമുണ്ട്.

യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു നവീന്‍ ബാബു ജീവനൊടുക്കിയത്. എഡിഎം കൈക്കൂലി ആവശ്യപ്പെട്ടിരുന്നുവെന്ന് ആരോപിച്ച പി പി ദിവ്യ പത്തനംതിട്ടയില്‍ ഈ രീതിയില്‍ പ്രവര്‍ത്തിക്കരുതെന്നും പറഞ്ഞിരുന്നു. രണ്ട് ദിവസത്തിനകം മറ്റു വെളിപ്പെടുത്തലുണ്ടാകുമെന്നും ദിവ്യ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നവീന്‍ ബാബുവിനെ ക്വാര്‍ട്ടേഴ്സില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *