National

കരസേനാ മേധാവിയുടെ കാലാവധി ഒരു മാസത്തേയ്ക്ക് നീട്ടി; നിർണായക തീരുമാനം

ഈ മാസം 31നു വിരമിക്കാനിരുന്ന കരസേനാ മേധാവി ജനറൽ മനോജ് പാണ്ഡെയുടെ കാലാവധി നീട്ടി. 2022 ഏപ്രിൽ 30ന് ചീഫ് ഓഫ് ആർമി സ്റ്റാഫ് (സിഒഎഎസ്) ആയി അധികാരം ഏറ്റെടുത്ത മനോജ് പാണ്ഡെ വിരമിക്കാനിരിക്കെയാണ് പ്രതിരോധ മന്ത്രാലയത്തിന്റെ തീരുമാനം.

ജൂൺ 30 വരെയാണ് കാലാവധി നീട്ടിയത്. 1954ലെ സൈനിക നിയമത്തിലെ 16 എ (4) പ്രകാരമാണ് നടപടിയെന്ന് പ്രതിരോധ മന്ത്രാലയം വാർത്താക്കുറിപ്പിൽ അറിയിച്ചു.

തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യവും, പുതിയ സർക്കാർ അധികാരത്തിലേറുന്ന സാഹചര്യവും കണക്കിലെടുത്താണ് പുതിയ മേധാവിയെ ഇപ്പോൾ നിയമിക്കേണ്ടെന്ന തീരുമാനമെടുത്തിരിക്കുന്നത്. കരസേനാ മേധാവിമാർ അധികാരമൊഴിയുന്നതിന് ഒരു മാസം മുൻപ് തന്നെ പിൻഗാമിയെ പ്രഖ്യാപിക്കാറുണ്ട്.

എന്നാൽ മനോജ് പാണ്ഡെയുടെ പിൻഗാമിയെ ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല. നിലവിൽ കരസേനാ ഉപമേധാവി ലഫ്റ്റനന്റ് ജനറൽ ഉപേന്ദ്ര ദ്വിവേദിയാണ്.

Leave a Reply

Your email address will not be published. Required fields are marked *